തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപന സാദ്ധ്യത അറിയാൻ സൗജന്യ ആൻറിബോഡി ടെസ്റ്റ് (റാപ്പിഡ് ടെസ്റ്റ്) നാളെ ആരംഭിക്കും. ആദ്യം10,000 പേരെയാണ് പരിശോധിക്കുക. സമൂഹവ്യാപനം ഉണ്ടായോ എന്ന് ഇതിലൂടെ അറിയാം. 14,000 പരിശോധനാ കിറ്റുകൾ ഐ.സി.എം.ആർ കൈമാറി. രോഗികൾ കൂടുതലുള്ള ജില്ലകൾക്ക് കൂടുതൽ കിറ്റ് നൽകി. 15 മിനിറ്റിൽ ഫലം അറിയാം. ആൻറി ബോഡി ടെസ്റ്റ് പോസിറ്റീവായാൽ പി.സി.ആർ ടെസ്റ്റ് നടത്തി വൈറസ് സാന്നിദ്ധ്യം ഉറപ്പാക്കും.
മൂന്ന് ദിവസത്തിനുള്ളിൽ 40,000 കിറ്റുകൾ കൂടി ഐ.സി.എം.ആർ എത്തിക്കും. ഇവ ഉപയോഗിച്ചാകും രണ്ടാം ഘട്ട പരിശോധന.
പരിശോധനാ മാർഗനിർദേശം ഏപ്രിലിൽ പുറത്തിറക്കിയിരുന്നു. കിറ്റ് കിട്ടാത്തതിനാൽ ടെസ്റ്റ് ആരംഭിച്ചിരുന്നില്ല.
ഓരോ ജില്ലയിലും കളക്ടർമാർക്കാണ് ഏകോപന ചുമതല. പരിശീലനം നൽകിയവരെയാണ് പരിശോധനയ്ക്ക് നിയോഗിക്കുന്നത്.
പരിശോധന നാല് വിഭാഗങ്ങളിലായി
ആരോഗ്യപ്രവർത്തകർ മുതൽ നിരീക്ഷണത്തിൽ കഴിയുന്നവർ വരെയുള്ളവരെ നാല് വിഭാഗങ്ങളായി തിരിച്ചാണ് പരിശോധന. ആദ്യ ഗ്രൂപ്പിൽ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ എത്തിയവരെ ചികിത്സിച്ച ഡോക്ടർമാരും ഇടപഴകിയ ജീവനക്കാരും ഉൾപ്പെടും. പൊലീസ്, ആരോഗ്യപ്രവർത്തകർ, തദ്ദേശസ്ഥാപങ്ങളിലെ ജീവനക്കാർ തുടങ്ങി ജനങ്ങളുമായി അടുത്ത് ഇടപഴകുന്ന സർക്കാർ ജീവനക്കാരും സന്നദ്ധ പ്രവർത്തകരുമാണ് രണ്ടാം ഗ്രൂപ്പിൽ.
ഗ്രൂപ്പ് മൂന്നിൽ നിരീക്ഷണത്തിൽ കഴിയുന്നവരും ഗ്രൂപ്പ് നാലിൽ 65 വയസിന് മുകളിലുള്ള മറ്റു രോഗങ്ങളുള്ളവരുമാണ്. രോഗബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിൽ പനിയും ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രികളിൽ ചികിത്സ തേടുന്നവരെയും ആൻറിബോഡി ടെസ്റ്റിന് വിധേയമാക്കും. വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം പരിശോധനയ്ക്ക് വിധേയനാകാൻ കഴിയില്ല.