തിരുവനന്തപുരം:സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ ഇന്ന് വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. ആശുപത്രി സേവനങ്ങൾക്കും മറ്റു അവശ്യ സർവീസ് വാഹനങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. മെഡിക്കൽ സേവനങ്ങൾക്കല്ലാതെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുകയും എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുക്കുകയും ചെയ്യും. അവശ്യ സാധനങ്ങൾ വിൽക്കുന്നതൊഴികെയുള്ള കടകൾ അടച്ചിടണം. മെഡിക്കൽ സ്‌റ്റോറുകൾ തുറക്കാം. ഇന്നലെ ലോക്ക് ഡൗൺ ലംഘിച്ച 13 പേർക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 146 പേർക്കെതിരെയും നടപടിയെടുത്തു.
മാളുകൾ തുറക്കുമ്പോൾ
ഷോപ്പിംഗ് മാളുകൾ ചൊവ്വാഴ്ച തുറക്കുമ്പോൾ വരുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് രജിസ്റ്റർ, പ്രധാന കവാടത്തിലും അകത്ത് പ്രവർത്തിക്കുന്ന ഓരോ കടകളിലും ഏർപ്പെടുത്തണം.രജിസ്റ്ററിൽ പേരും മൊബൈൽ നമ്പരും എഴുതണം. പ്രവേശനകവാടത്തിൽ എല്ലാവർക്കും സാനിറ്റൈസർ നൽകി കൈകൾ വൃത്തിയാക്കുകയും, തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കുകയും വേണം. ആറടി അകലം പാലിച്ചുള്ള ക്യൂ സംവിധാനം ഏർപ്പെടുത്തണം. ജാഗ്രതാ നിർദ്ദേശങ്ങൾ, മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസിംഗ് ഇവ സംബന്ധിച്ചുള്ള വിവരങ്ങളടങ്ങിയ ബോർഡ് എല്ലാ മാളുകൾക്ക് മുന്നിലും സ്ഥാപിക്കണം. മാളുകളിലേക്ക് വരുന്ന ആൾക്കാരും ജീവനക്കാരും നിർബന്ധമായി മാസ്‌ക് ധരിച്ചിരിക്കണം. മാളുകൾ തുറക്കുന്നതിനു മുമ്പ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ എല്ലാം ഉറപ്പുവരുത്തിയശേഷം ഇത് സംബന്ധിച്ചുള്ള സത്യവാങ്ങ്മൂലം ഉടമയോ മാനേജരോ പൊലീസ് സ്‌റ്റേഷനിൽ നൽകണം. എസ്.എച്ച്.ഒ പരിശോധിച്ചശേഷം മാത്രമേ മാളുകൾ തുറക്കാൻ അനുമതി നൽകൂ.