തിരുവനന്തപുരം:നഗരത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുന്നതിനായി നഗരസഭയുടെ പദ്ധതിക്ക് പൊതുജനങ്ങൾക്കും സഹകരിക്കാം. പ്രവർത്തിക്കുന്ന ടിവി, കമ്പ്യൂട്ടർ,സ്മാർട്ട് ഫോണുകൾ എന്നിവ പൊതുജനങ്ങൾക്ക് സംഭാവന നൽകാം. ഓൺലൈൻ പഠന സൗകര്യമില്ലാത്തവർക്ക് സഹായമേകിയാണ് ഈ പദ്ധതി.സന്നദ്ധരാവുന്നവർക്ക് ഇവ നഗരസഭയിലെത്തിക്കാം.വിളിച്ചറിയിച്ചാൽ നഗരസഭാ വോളന്റിയർമാർ വന്ന് ശേഖരിക്കും. നാലായിരത്തിലധികം കുട്ടികൾക്കാണ് നഗരസഭയുടെ നേതൃത്വത്തിൽ സൗകര്യമൊരുക്കുക.നഗരപരിധിയുടെ 3426 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ഓൺലൈൻ പഠന കേന്ദ്രങ്ങളും സജ്ജമാക്കും .

ഇവർക്ക് നൽകുന്ന ക്ലാസുകളുടെ സിലബസുകൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ പഠന ക്രമത്തിലാക്കി വീഡിയോകളിലൂടെ പ്രാദേശിക ചാനലുകൾ വഴി സംപ്രേഷണം ചെയ്യാനാണ് പദ്ധതി. എസ്.എസ്.കെയുടെ റിസോഴ്സ് അദ്ധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നതെന്നും മേയർ കെ.ശ്രീകുമാർ അറിയിച്ചു. സഹായിക്കാൻ സന്നദ്ധതയുള്ളവർ വിളിക്കേണ്ട ഫോൺ: 9496434409, 9496434410.