തിരുവനന്തപുരം: ബിൽഡിംഗ് കൺസ്ട്രക്ഷൻ മേഖലയിൽ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് സ്വന്തം മേൽവിലാസം എഴുതിച്ചേർത്ത വ്യക്തിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ സിവിൽ കോൺട്രാക്ടറും പ്രൈം പ്രോപ്പർട്ടി ഡെവലപ്പേഴ്സിന്റെ സ്ഥാപകനുമായ പി.ഐ. ഐസക് പാലാൽ. തിരുവനന്തപുരം ജവഹർ നഗറിലെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1970ൽ കൊച്ചിയിൽ നിന്ന് കോവളം അശോക ബീച്ച് റിസോർട്ട് നിർമ്മാണ കരാർ ഏറ്റെടുത്ത് തലസ്ഥാനത്തെത്തിയതോടെയാണ് കൺസ്ട്രക്ഷൻ രംഗത്ത് സജീവമായത്. ചെറിയ കരാർ പണികൾ ഏറ്റെടുത്ത് നടത്തിയിരുന്ന പിതാവിന്റെ പാത പിന്തുടർന്നായിരുന്നു ഈ മേഖലയിലെ രംഗപ്രവേശം. ആദ്യം ഏറ്റെടുത്ത കരാർ വിജയകരമായി പൂർത്തിയാക്കിയതോടെ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. നിർമ്മാണവുമായി ബന്ധപ്പെട്ട അക്കാഡമിക വിദ്യാഭ്യാസമൊന്നും നേടിയിരുന്നില്ലെങ്കിലും ഈ രംഗത്തെ വിദഗ്ദ്ധനായി മാറി.
തുടർന്ന് ശ്രീചിത്രാ മെഡിക്കൽ സെന്റർ, അച്ചുതമേനോൻ സെന്റർ,വി.എസ്.എസ്.സി വലിയമല, കേദാരം, ചൈത്രം ഹോട്ടൽ, കോഴിക്കോട് ആർ.ഇ.സി (എൻ.ഐ.ടി ക്യാമ്പസ്) എന്നിവ അദ്ദേഹത്തിന്റെ പ്രധാന പ്രോജക്ടുകളായി. സഹോദരൻമാരുമായി ചേർന്ന് നടത്തിയിരുന്ന ഈ സംരംഭങ്ങൾക്ക് ശേഷം മക്കളും മരുമക്കളും പങ്കാളികളായ പ്രൈം പ്രോപ്പർട്ടി ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണറായി മറ്റൊരു സ്ഥാപനത്തിന് തുടക്കമിട്ടു. തിരുവനന്തപുരത്തെ പ്രശസ്തമായ നിരവധി ഫ്ലാറ്റ് സമുച്ചയങ്ങൾ പ്രൈം ഡെവലപ്പേഴ്‌സ് നിർമിച്ചു. കുറവൻകോണത്ത് മാത്രം രണ്ടിലധികം ഫ്ലാറ്റ് സമുച്ചയങ്ങൾ പണിതു. മോളി ഐസക്കാണ് ഭാര്യ. മക്കൾ : പ്രീത, എൽദോ. മരുമക്കൾ: റോയ് പീറ്റർ, നീന. മൃതദേഹം ഇന്ന് രാവിലെ എറണാകുളം കുറിഞ്ഞി പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ പള്ളി സെമിത്തേരിയിൽ എത്തിച്ച് ഉച്ചയ്ക്ക് 1.30ഓടെ സംസ്‌കാരം നടത്തും.