bevco

പയ്യന്നൂർ: ബെവ് ക്യു ആപ്പിൽ വിജയം വരിച്ച് വിജയശ്രീലാളിതനായി വീട്ടിലെത്തി അഭ്യാസം കാട്ടിയ യുവാവിന് കിട്ടിയത് ഭാര്യയുടെ പൊന്നീച്ച പറക്കുന്ന അടി.രണ്ട് മാസം മദ്യം കിട്ടാത്തതിന്റെ നിരാശ ഒറ്റിയിരിപ്പിന് തീർത്ത് വീട്ടിലെത്തിയ യുവാവ് പാട്ടും നൃത്തവും പരാക്രമവുമായി അരങ്ങ് തകർത്തപ്പോഴാണ് യുവതി സഹികെട്ടത്. നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ച ഭാര്യയുടെ കസേരകൊണ്ടും കൈകൊണ്ടുമുള്ള അടിയോടെ യുവാവ് ആശുപത്രിയിലായി.
തൃക്കരിപ്പൂർ സ്വദേശിനിയായ മുപ്പതുകാരിയാണ് മുപ്പത്തഞ്ചുകാരനായ ഭർത്താവിനെ നേർവഴി നടത്താൻ ഒടുവിൽ രണ്ടും കൽപിച്ച് പൊരുതിയത്. മദ്യലഹരിയിലുള്ള ഭർത്താവിന്റെ ക്രൂരതകൾ അതിരുകടക്കാൻ തുടങ്ങിയപ്പോൾ പലരും ഇടപെട്ടിട്ടും ഭർത്താവ് പിന്മാറാൻ കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് സംഭവം.
ഭർത്താവിന്റെ ക്രൂരത സഹിച്ച് ഗതികെട്ടാണ് യുവതി പ്രതികരിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. കൈയിൽ കിട്ടിയത് കസേരയാണ്. അടി കിട്ടിയത് ഭർത്താവിന്റെ തലയ്ക്കും. കൈകൊണ്ടുള്ള പ്രഹരങ്ങൾ പിറകെ. ഭാര്യയുടെ കൈക്കരുത്ത് ബോദ്ധ്യമാകുമ്പോഴേക്കും ഭർത്താവ് അവശനായിരുന്നു. സുഹൃത്താണ് ഈയാളെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചത്.
കാത്തിരുന്നു കിട്ടിയ ആപ്പ് തന്ന എട്ടിന്റെ പണി ബോദ്ധ്യപ്പെട്ട ഭർത്താവ് ഇനി മദ്യമില്ലാത്ത ലോക്ക്് ഡൗണിലേക്ക് മടങ്ങിപ്പോകുമെന്ന് ആശുപത്രി കിടക്കയിൽ നിന്ന് പ്രതിജ്ഞയെടുത്തതോടെ യുവതിക്കും സന്തോഷമായി.