കൊണ്ടോട്ടി: നിരോധിത എൽ.എസ്.ഡി, എം.ഡി.എ മയക്കുമരുന്നുകളുമായി കോഴിക്കോട് മാങ്കാവ് വീട്ടിലകത്ത് ഹിജാസ്(22), കോഴിക്കോട് കല്ലായി അമൻ വീട്ടിൽ അകീൽ(20) എന്നിവരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. അരലക്ഷത്തോളം രൂപയുടെ മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് മയക്കുമരുന്നു വിൽപ്പന നടത്തുന്ന കണ്ണികളിലെ പ്രധാനികളാണ് പിടിയിലായവരെന്നു പൊലീസ് പറഞ്ഞു. മയക്കുമരുന്നു കടത്താനുപയോഗിച്ച ബൈക്കും ഇവരിൽ നിന്നു കണ്ടെടുത്തു. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നെത്തിക്കുന്ന മയക്കുമരുന്ന് വിപണനത്തിനും ഇവർ കോളേജ് വിദ്യാർത്ഥികളെയാണ് ഉപയോഗിക്കുന്നത്. ഡോസിനനുസരിച്ച് വിവിധ പേരുകളിലാണ് എം.ഡി.എ സ്റ്റാമ്പുകൾ അറിയപ്പെടുന്നത്. മായൻ കലണ്ടർ എന്നറിയപ്പെടുന്ന വിഭാഗത്തിൽപ്പെട്ട സ്റ്റാമ്പുകളാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. 2000 രൂപ നിരക്കിലാണ് വിൽപ്പന. കൊറിയർ സർവീസ് വഴിയും മയക്കുമരുന്നെത്തിച്ചിട്ടുണ്ട്.
ചെറിയ അളവിൽ കൈവശം വച്ചാൽ പോലും 20 വർഷത്തിലധികം തടവു ശിക്ഷയും പിഴയും ലഭിക്കുന്ന വിഭാഗത്തിൽപ്പെട്ട മയക്കുമരുന്നാണ് ഇവരിൽ നിന്നു കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. ഇവരെ നിരീക്ഷിച്ചു വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.