exam

കോട്ടയം: രഹസ്യസ്വഭാവത്തോടെ നടക്കുന്ന പരീക്ഷ മൂല്യനിർണയം കൊവിഡിൻ്റെ മറവിൽ അട്ടിമറിക്കാനൊരുങ്ങി എം.ജി സർവകലാശാല. രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ മൂല്യനിർണയം അതത് കോളജുകളിൽ നടത്താനാണ് സിൻഡിക്കേറ്റിൻ്റെ തീരുമാനം. അക്കാദമിക് കൗൺസലിൻ്റെ അംഗീകാരം തേടാതെയാണ് നടപടിയെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.

ലോക്ക്‌ഡൗൺ കാരണം കോളജുകളിൽ അദ്ധ്യായനം നടന്നിട്ടില്ലെന്നും നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്രീകൃത മൂല്യനിർണയം നടത്താനാകില്ലെന്ന കാരണവും നിരത്തിയാണ് വിവാദ തീരുമാനം. സർവകലാശാല പരീക്ഷകളുടെ രീതിയിൽ പരീക്ഷയും മൂല്യനിർണയവും നടത്തിയാൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാകുമെന്ന് പരിഗണിച്ച് രണ്ടാം സെമസ്റ്റർ പരീക്ഷ ഇൻ്റേണൽ പരീക്ഷകളുടെ മാതൃകയിൽ നടത്താൻ തീരുമാനിച്ചു. ഇൻ്റേണൽ പരീക്ഷകൾക്ക് കോളജുകൾ തന്നെയാണ് മൂല്യനിർണയം നടത്തുക. പരീക്ഷ എഴുതിയ വിദ്യാർത്ഥി ആരാണെന്ന് അദ്ധ്യാപകർക്ക് കൃത്യമായി മനസിലാക്കാം. ചോദ്യപേപ്പർ, ഉത്തരക്കടലാസ് എന്നിവയുടെ രഹസ്യ സ്വഭാവം ഉണ്ടാകില്ല. വിവിധ കോളജുകളിൽ നിന്ന് മൂല്യനിർണയ കേന്ദ്രത്തിൽ ശേഖരിക്കുന്ന ഉത്തരക്കടലാസുകൾ ഫോൾസ് നമ്പർ നൽകി

അദ്ധ്യാപകർക്ക് മൂല്യനിർണയത്തിന് നൽകുകയാണ് പതിവ്. ഈ നടപടിയാണ് അട്ടിമറിക്കപ്പെടുന്നത്. കൗൺസിൽ അംഗീകാരം തേടാതെ സർവകലാശാല പരീക്ഷാ ചട്ടങ്ങൾ ഭേദഗതി ചെയ്താണ് സിൻഡിക്കേറ്റിൻ്റെ തീരുമാനം. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാംപെയിൻ കമ്മറ്റി ഉശപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

മെയ് 26 ന് ചേര്‍ന്ന സിൻഡിക്കേറ്റ് യോഗമാണ് വിവാദ തീരുമാനമെടുത്തത്. യു.ജി.സി മാനദണ്ഡത്തിനെതിരാണ് എം.ജി സര്‍വകലാശാലയുടെ പുതിയ നീക്കം. സ്വശ്രയ കോളേജുകളിലില്‍ ഉള്‍പ്പടെ പുതിയ രീതി വൻ ക്രമക്കേടിനും വഴിയൊരുക്കും. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പരീക്ഷമൂല്യ നിര്‍ണയം നടത്തുന്നത്.