arrest

തിരുവനന്തപുരം: കഠിനംകുളം കൂട്ട ബലാത്സംഗക്കേസിലെ മുഖ്യ പ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതിയും ആട്ടോ ഡ്രൈവറുമായ നൗഫലാണ് പിടിയിലായത്. ഇന്ന് പുലർച്ചെ ചാന്നാങ്കരയിലെ ഭാര്യവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇന്നലെ അർദ്ധരാത്രിയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തിരിച്ചറിയൽ പരേഡിനു ശേഷം ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും.ഇതോടെ കേസിലെ ഏഴ് പ്രതികളും പൊലീസ് പിടിയിലായി.

യുവതിയുടെ ഭർത്താവടക്കം 6 പേരെയാണ് ഇന്നലെ പിടികൂടി വീഡിയോ കോൺഫറൻസ് വഴി റിമാൻഡ് ചെയ്തത്. യുവതിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയതും പീഡിപ്പിക്കുമ്പോൾ ശരീരത്തിൽ മാരകമായ മുറിവേൽപിച്ചതും നൗഫലാണെന്ന് യുവതി മൊഴി നൽകിയിരുന്നു. യുവതിയുടെ മകനെ മർദ്ദിച്ചതിന് ഇയാൾക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച് ശേഷം 6 വയസ്സുള്ള മകന്റെ മുന്നിലിട്ടാണ് യുവതിയെ 7 പേരടങ്ങുന്ന സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നന്വേഷിക്കുമെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ വരുംദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നവരാണ് പ്രതികളെല്ലാവരും. ലഹരിയുടെ ഉറവിടം കണ്ടെത്തുന്നതിനൊപ്പം യുവതിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന് സുഹൃത്തുക്കൾക്ക് കാഴ്ചവച്ച യുവതിയുടെ ഭർത്താവ് സംഭവത്തിന്റെ തലേദിവസം പ്രതികളിലൊരാളിൽ നിന്ന് പണം കൈപ്പറ്റുന്നത് കണ്ടതായി യുവതി മൊഴി നൽകിയിട്ടുണ്ട്. മുൻകൂറായി പണം കൈപ്പറ്റിയശേഷം മദ്യം നൽകി അബോധാസ്ഥയിലാക്കി യുവതിയെ സുഹൃത്തുക്കൾക്ക് കാഴ്ച വച്ചത് മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ

ഇത് സ്ഥിരീകരിക്കാനാകും. യുവതിയെ പ്രതികൾ കൂട്ടബലാത്സംഗം നടത്തിയത് സ്ഥിരീകരിക്കുന്നതായിരുന്നു യുവതിയുടെ വൈദ്യ പരിശോധനാ ഫലം. സുരക്ഷ കണക്കിലെടുത്ത് യുവതിയേയും മക്കളേയും സർക്കാർ അഭയ കേന്ദ്രത്തിലാക്കി.

വ്യാഴാഴ്ചയാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. ബീച്ചിലേക്കെന്ന് പറഞ്ഞാണ് യുവതിയെ ഭർത്താവ് കൊണ്ടുവന്നത്. ബീച്ചിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. വീട്ടിൽ മൻസൂർ, അക്ബർ ഷാ, അർഷാദ്, നൗഫൽ എന്നിവർ മദ്യപിച്ചിരിക്കുകയായിരുന്നു.

യുവതിക്ക് ഭർത്താവ് ബലമായി മദ്യം നൽകിയ ശേഷം സുഹൃത്തുക്കൾക്ക് ബലാത്സംഗം ചെയ്യാൻ അവസരമൊരുക്കിയെന്നാണ് മൊഴി.യുവതിയുടെ മകന്റെ മുന്നിൽവച്ചാണ് മർദ്ദനവും അതിക്രമങ്ങളും അരങ്ങേറിയത്. അമ്മയെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച മകനെയും പ്രതികൾ അക്രമിച്ചിരുന്നു.സംഭവത്തെപ്പറ്റിയുള്ള അഞ്ചുവയസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയെയും കേസിൽ സാക്ഷിയാക്കിയിട്ടുണ്ട്.