covid-

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള പാലക്കാട്ട് സമ്പർക്കത്തിലൂടെ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. പാലക്കാട് ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ പതിനാലു പേർ ഉൾപ്പെടെ ഇരുപത്തിയൊന്ന് ആരോഗ്യപ്രവർത്തകരാണ് ഇതിനോടകം രോഗബാധിതരായത്. ആകെ രോഗികളുടെ എണ്ണം 172 ൽ എത്തിയതോടെ ജില്ലാ ആശുപത്രി കൊവിഡ് ചികിൽസയ്ക്ക് വേണ്ടി മാത്രം മാറ്റണമെന്നാവശ്യവും ശക്തമാണ്.

സമ്പർക്കത്തിലൂടെ ഇതിനോടകം 31 പേർക്ക് രോഗം ബാധിച്ചെന്നാണ് ലഭ്യമായ വിവരം. ഇതിൽ വാളയാറിലുൾപ്പെടെ ജോലി ചെയ്ത ആരോഗ്യപ്രവർത്തകരിൽ രോഗബാധിതരായവർ ഇരുപത്തിയൊന്ന്. കൊവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെ 14 പേർക്കും രോഗം പിടിപെട്ടു. സമ്പർക്കത്തിലൂടെ ഓരോ ദിവസവും ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് ജില്ലാ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുകയാണ്.

രോഗികളാകുന്ന ഓരോ ആരോഗ്യപ്രവർത്തകരുമായും സമ്പർക്കത്തിലേർപ്പെട്ട മറ്റ് ജീവനക്കാർ നിരീക്ഷണത്തിലാകുന്നതാണ് പ്രതിസന്ധി. ജീവനക്കാരുടെ കുറവ് അമിത ജോലിഭാരത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കൊവിഡ് ജാഗ്രതയിൽ ചെറിയൊരു പിഴവു പോലും രോഗവ്യാപനത്തിനിടയാക്കും. അതിനാൽ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയെത്തുന്ന മറ്റ് രോഗികൾക്ക് മറ്റൊരിടത്ത് ചികിത്സ ക്രമീകരിക്കണം.

പാലക്കാട് പണി പൂർത്തിയായി വരുന്ന മെഡിക്കൽ കോളജിൽ ചികിത്സ ക്രമീകരിക്കാൻ ആലോചനയുണ്ടെങ്കിലും വൈകുന്നു. ഉറവിടം കണ്ടെത്താനാകാത്ത അഞ്ചിലധികം കേസുകൾ ജില്ലയിൽ ഉണ്ട് .ഇതിലൊരാൾ ഇന്നലെ രോഗം സ്ഥിരീകരിച്ച ആലത്തൂർ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞ മുണ്ടൂർ സ്വദേശിയായ തടവുകാരനാണ്. മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് വന്ന ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവരാണ് രോഗികളിൽ കൂടുതലും.