ഹൈദരാബാദ്: ഇരുപത് മിനിറ്റിനുള്ളില്‍ പരിശോധനാഫലം ലഭിക്കുന്ന കൊവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതായി ഹൈദരാബാദ് ഐ.ഐ.ടി യിലെ ഒരു സംഘം ഗവേഷകര്‍. 550 രൂപയാണ് ഇപ്പോള്‍ വികസിപ്പിച്ച ടെസ്റ്റ് കിറ്റിന് വിലയെന്നും എന്നാല്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഇത് 350 രൂപയായി കുറയ്ക്കാന്‍ കഴിയുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
ഇ.എസ്.ഐ.സി മെഡിക്കല്‍ കോളേജിലും ഹൈദരാബാദിലെ ആശുപത്രിയിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയ ഇവര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐ.സി.എം.ആര്‍) അനുമതി തേടിയിരിക്കുകയാണ്. കൊവിഡ് ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇത് വഴി രോഗലക്ഷണമുള്ളവരും ഇല്ലാത്തവരുമായവരെ 20 മിനിറ്റിനുള്ളില്‍ പരിശോധിച്ച് ഫലം ലഭിക്കുമെന്നും ഹൈദരാബാദിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസര്‍ ശിവ ഗോവിന്ദ് സിംഗ് പറഞ്ഞു.
കൊവിഡിനായുള്ള പരിശോധന കിറ്റ് വികസിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ അക്കാദമിക് സ്ഥാപനമാണ് ഐ.ഐ.ടി-ഹൈദരാബാദ്. ഐ.ഐ.ടി-ഡല്‍ഹി തത്സമയ പി.സി.ആര്‍ അടിസ്ഥാനമാക്കിയുള്ള ഡയഗ്‌നോസ്റ്റിക് പരിശോധന സംവിധാനം വികസിപ്പിക്കുകയും ഐ.സി.എം.ആര്‍ അംഗീകാരം നൽകുകയും ചെയ്‌തിരുന്നു.