accident-

തിരുവനന്തപുരംഃ വിതുരയ്ക്ക് സമീപം നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് അതിനടിയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം. പാലോട് തോട്ടംമുക്ക് സ്വദേശി ബിനുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 7.45 ഓടെ കല്ലണയെന്ന സ്ഥലത്തായിരുന്നു അപകടം. ബിനുവും ഭാര്യ ഷൈനിയും ബന്ധുവായ കൃഷ്ണൻ കുട്ടിയും സമീപവാസിയായ ഒരാളുടെ ജീപ്പിൽ വിതുരയിൽ പോയി തിരികെ വരുംവഴിയാണ് അപകടം. ജീപ്പിന്റെ മുന്നിലെ സൈഡ് സീറ്റിൽ ഇരിക്കുകയായിരുന്ന ബിനു ജീപ്പ് വളവ് തിരിയുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണു.തൊട്ടുപിന്നാലെ ജീപ്പ് റോഡിലെ ബാരിക്കേഡിൽ ഇടിച്ചശേഷം നിയന്ത്രണം വിട്ട് ബിനുവിന്റെ ദേഹത്തേക്ക് മറിഞ്ഞു. ജീപ്പിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ഓടിക്കൂടിയ നാട്ടുകാർ വിതുര ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി നെടുമങ്ങാട് ഗവ.ആശുപത്രിയിലേക്ക് മാറ്റി. ബിനുവിന്റെ ഭാര്യ ഷൈനിയുൾപ്പെടെ മറ്റ് യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാലോട് പൊലീസ് കേസെടുത്തു.