covid

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ഞായർ ലോക്ക് ഡൗൺ ഇന്ന് സംസ്ഥാനത്ത് ഏറെക്കുറെ പൂർണം. മെഡിക്കൽ സ്റ്റോറുകളുൾപ്പെടെ അത്യാവശ്യമുള്ള കടകളൊഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രധാന കമ്പോളങ്ങളും ലോക്ക് ഡൗണിൽ അടഞ്ഞുകിടക്കുകയാണ്. അപൂർവ്വം ചില സ്വകാര്യ വാഹനങ്ങളൊഴിച്ചാൽ നിരത്തുകളും വിജനമാണ്. രക്ക്​ വാഹനങ്ങളും അടിയന്തിരഘട്ടങ്ങളിൽ ആശുപത്രിയിലേക്കുള്ള വാഹനങ്ങളും നിരത്തിലിറക്കാം.

ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, അവശ്യവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവനക്കാർ എന്നിവർക്ക്​ മാത്രമാണ്​ യാത്രാനുമതിയുള്ളത്. അവശ്യവസ്​തുക്കൾ വിൽക്കുന്ന കടകൾ തുറക്കാനും അനുമതിയുണ്ട്. പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവക്ക്​ വിലക്കില്ല. ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിക്കും.

ഹോട്ടലുകളിൽ പാഴ്സൽ സർവീസ് കൗണ്ടറുകൾ പ്രവർത്തിക്കാം. നടന്നും സൈക്കിളിലും യാത്ര ചെയ്യാം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നഗരങ്ങളിലും ഗ്രാമങ്ങളിലും പൊലീസ് പരിശോധനയും നടന്നുവരികയാണ്. പൊലീസ് പരിശോധന വൈകുന്നേരം വരെ തുടരും.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിലെ റോഡുകളിൽ കഴിഞ്ഞയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നും തുടർന്നുവരികയാണ്.

പുലർച്ചെ ആറ് മുതൽ രാവിലെ പത്തുവരെയാണ് നിയന്ത്രണം. ഇവിടെ അടിയന്തരാവശ്യങ്ങൾക്ക് യാത്ര ചെയ്യാൻ പൊലീസി​​ന്റെ പാസ് വാങ്ങണം. ആരാധനാലയങ്ങൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവ ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് മുന്നോടിയായുള്ള ശുചീകരണപ്രവർത്തനങ്ങൾ നാളെ നടക്കും. ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് മുന്നോടിയായി ക്ഷേത്രങ്ങളിലും പള്ളികളിലും നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളും അണുവിമുക്തമാക്കലും നാളെ അവസാനിക്കും.