കൊല്ലം: ഉത്രയുടെ വീട്ടിൽ നിന്ന് നൽകിയതിൽ പതിനഞ്ച് പവനോളം സ്വർണ്ണം പലപ്പോഴായി സ്വന്തം ആവശ്യങ്ങൾക്കായി വിറ്റഴിച്ച സൂരജ് ഈ പണം ധൂർത്തടിച്ചതായി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഉത്ര വധക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിയവേ ചോദ്യം ചെയ്യലിലാണ് കഴിഞ്ഞ ദിവസം സൂരജ് തന്റെ ധൂർത്തിനെപ്പറ്റി അന്വേഷണ ഉദ്യോഗസ്ഥരോട് വിവരിച്ചത്. ആഴ്ചയിൽ കുറഞ്ഞത് രണ്ടായിരം രൂപയുടെ മദ്യം കഴിക്കുമായിരുന്നുവെന്നാണ് ഇയാൾ വെളിപ്പെടുത്തിയത്. അടൂരിലെ ഒരു ബാറിൽ നിന്നാണ് സ്ഥിരമായി മദ്യം വാങ്ങിയിരുന്നത്. അടുത്ത സുഹൃത്തുക്കളായ ചിലരും മദ്യസൽക്കാരത്തിൽ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു. ആഘോഷവേളകളിൽ ആയിരങ്ങൾ വിലവരുന്ന കുപ്പികളാണ് ഉപയോഗിച്ചിരുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി അടൂരിലെ ബാറിൽ തെളിവെടുപ്പിനെത്തിച്ച സൂരജിനെ ബാർ ജീവനക്കാർ തിരിച്ചറിഞ്ഞു. സൂരജ് മദ്യം വാങ്ങി പോകുന്ന ദൃശ്യങ്ങളും തെളിവിനായി ബാറിന്റെ ബാറിന്റെ സിസി.ടിവിയിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ചു. ഹോട്ടലുകളിൽ റൂമെടുത്തും സുഹൃത്തുക്കളുടെയും പറക്കോട്ടെ സ്വന്തം വീട്ടിലും വാഹനങ്ങളിലുമായിട്ടായിരുന്നു മദ്യസൽക്കാരം. മദ്യപിച്ചെത്തി ഉത്രയുമായി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നതായും സൂരജ് സമ്മതിച്ചു.സ്വർണം വിറ്റത് കൂടാതെ ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന ശമ്പളവും സുഹൃത്തുക്കളുമായി കറങ്ങാനും അടിച്ചുപൊളിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. സൂരജിന്റെ വീട്ടുചെലവുകൾ പിതാവ് സുരന്ദ്രപണിക്കാരാണ് നോക്കിയിരുന്നത്.
ഉത്രയുടെ സ്വർണത്തിൽനിന്ന് പതിനഞ്ച് പവനോളം വിവിധ ആവശ്യങ്ങൾക്കായി പലപ്പോഴായി വിറ്റെന്നും മദ്യപാനത്തിനും ധൂർത്തിനുമായി ഈ പണം ചെലവിട്ടെന്നും സൂരജ് പൊലീസിനോട് സമ്മതിച്ചു.അടൂരിലെ ജ്വല്ലറിയിലാണ് സ്വർണം വിറ്റത്. ജ്വല്ലറിയിൽ തെളിവെടുപ്പു നടത്തിയ ക്രൈംബ്രാഞ്ച് സംഘം സംഭവം സ്ഥിരീകരിച്ചു.വിവാഹദിവസം നൽകിയ 96 പവൻ ഉൾപ്പെടെ 100 പവനോളം സ്വർണമാണ് ഉത്രയുടെ വീട്ടുകാർ നൽകിയത്. സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങാനായി ഇതിൽ നിന്ന് 21 പവൻ ഉത്രയുടെ വീട്ടുകാർ വാങ്ങി പണയംവച്ചു പണം സൂരജിന്റെ പിതാവ് സുരേന്ദ്രപ്പണിക്കർക്ക് നൽകിയിരുന്നു. ബാക്കി പതിനാറ് പവനോളം സ്വർണത്തിൽ പത്ത് പവൻ ബാങ്ക് ലോക്കറിൽനിന്നും ആറുപവൻ അതേ ബാങ്കിൽ പണയം വച്ച നിലയിലും കണ്ടെത്തി. സൂരജിന്റെ അമ്മയും ഉത്രയുടെ വീട്ടുകാർ നൽകിയ സ്വർണം പല തവണ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചിട്ടുണ്ട്. ഉത്രയുടെ സ്വർണാഭരണത്തിൽനിന്നു മാറ്റിയ മൂന്നര പവൻ കഴിഞ്ഞ ദിവസം ഇവർ പൊലീസിന് കൈമാറിയിരുന്നു. ഇതോടെ ഉത്രയുടെ സ്വർണം ഏറെക്കുറെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. വിവാഹശേഷം സൂരജും ഉത്രയും ചേർന്നാണ് സ്വർണം ബാങ്ക് ലോക്കറിൽ വച്ചത്.
സ്വർണം ലോക്കറിൽ വയ്‌ക്കാൻ മാത്രമേ ഉത്ര ഫെഡറൽ ബാങ്കിൽ പോയിട്ടുള്ളൂ.
ഉത്രയുടെയും സൂരജിന്റെയും പേരിലാണ് ലോക്കർ ഓപ്പൺ ചെയ്‌തത്. പിന്നീട് പലവട്ടം ലോക്കറിൽനിന്ന് സൂരജ് സ്വർണം എടുത്തിട്ടുണ്ട്. ഉത്രയുടെ മരണത്തിന് മുമ്പും അതിനുശേഷവുമായി ബാങ്ക് ലോക്കറിൽ നിന്ന് സൂരജ് സ്വർണം എടുത്തിട്ടുണ്ട്.ഏറ്റവും കൂടുതൽ എടുത്തത് മാർച്ച് രണ്ടിനാണ്. ഇതിൽ 38 പവനാണ് അച്ഛനെ ഏൽപ്പിച്ച് റബർ മരങ്ങൾക്കിടയിൽ കുഴിച്ചിട്ടത്
കേസിൽ പിടിയിലാകുമെന്ന് സൂചന ലഭിച്ചപ്പോൾ കേസിന്റെ ആവശ്യത്തിന് ചെലവഴിക്കാൻ പണത്തിന് വേണ്ടിയാണ് സ്വർണം പിതാവിന് കൈമാറിയത്. പിതൃസഹോദരിയുടെ വശം സൂക്ഷിക്കാൻ ഏൽപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ സൂക്ഷിക്കാൻ തയാറാകാതെ പിറ്റേന്നുതന്നെ അവർ സ്വർണം തിരികെ ഏൽപ്പിച്ചു. തുടർന്നാണ് വീട്ടുപരിസരത്തെ റബർ തോട്ടത്തിൽ കവറുകളിലാക്കി സ്വർണം കുഴിച്ചിട്ടത്. 38.5 പവൻ തോട്ടത്തിൽനിന്ന് കണ്ടെടുത്തിരുന്നു.
പതിനാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം സൂരജിനെ നാളെ കോടതിയിൽ ഹാജരാക്കും. സൂരജിനെയും പാമ്പിനെ നൽകിയ ചാവർകോട് സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങുന്നതിനു വനംവകുപ്പ് നാളെ കോടതിയെ സമീപിക്കും. പാമ്പിനെ ദുരുപയോഗം ചെയ്തതിന് ഇരുവർക്കും എതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. സൂരജിന്റെ അമ്മയേയും സഹോദരിയെയും വീണ്ടും ഇയാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിക്കും. ഉത്രയുടെ കൊലപാതകവുമായി ഇവർക്ക് നേരിട്ട് ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെങ്കിലും ഉത്രയ്ക്ക് സൂരജിന്റെ വീട്ടിൽ നേരിട്ട പീഡനങ്ങളിൽ ഗാർഹിക പീഡന നിയമപ്രകാരം വരും ദിവസങ്ങളിൽ ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.