utra-murder-case-

കൊല്ലം: ഉത്ര വധക്കേസില്‍ അഞ്ചല്‍ സി.ഐ. സുധീര്‍ വീഴ്ച വരുത്തിയതായി പൊലീസ് റിപ്പോര്‍ട്ട്. കേസിലെ പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണത്തില്‍ സി.ഐ. വീഴ്ച വരുത്തിയെന്നാണ് കൊല്ലം റൂറല്‍ എസ്.പി.യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉത്ര വധക്കേസിലെ തുടക്കത്തില്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചില്ലെന്നും തെളിവുകള്‍ കൈമാറുന്നത് വൈകിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സി.ഐ.ക്കെതിരായ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.

കഴിഞ്ഞദിവസം അഞ്ചല്‍ ഇടമുളയ്ക്കലില്‍ ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ മൃതദേഹം വീട്ടിലേക്കെത്തിച്ചെന്നും സി.ഐ.ക്കെതിരേ പരാതി ഉയര്‍ന്നു. ഈ സംഭവത്തില്‍ പുനലൂര്‍ ഡി.വൈ.എസ്.പി.യുടെ അന്വേഷണം തുടരുകയാണ്. നേരത്തെ അഞ്ചല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ മറുനാടന്‍ തൊഴിലാളികളെ കൊണ്ട് സ്റ്റേഷനില്‍ പണിയെടുപ്പിച്ചെന്നും സി.ഐ സുധീറിനെതിരേ ആക്ഷേപമുണ്ടായിരുന്നു.

തുടര്‍ച്ചയായി വിവാദങ്ങളില്‍ ഉള്‍പ്പെട്ടതിനാല്‍ സി.ഐ. സുധീറിനെതിരേ വകുപ്പുതല നടപടിയുണ്ടാകാനാണ് സാദ്ധ്യത.

ഉത്ര കേസില്‍ സി.ഐ.ക്കെതിരേ സി.പി.ഐ അടക്കമുള്ള വിവിധ രാഷ്ട്രീയകക്ഷികൾ നേരത്തെ രംഗത്തുവന്നിരുന്നു. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ സി.ഐ. കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസ് അന്വേഷണത്തില്‍ സി.ഐ. അലംഭാവം കാണിച്ചതായി ഉത്രയുടെ കുടുംബവും ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പി. അന്വേഷണം നടത്തിയത്.