covid-

ന്യൂഡല്‍ഹി: ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയില്‍ ഒരു ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടാകുമെന്നും ജൂലായ് പകുതിയോടെ 42,000 ത്തോളം കിടക്കകള്‍ ആവശ്യമായി വരുമെന്നും വി‌ദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിനായി രൂപീകരിച്ച അഞ്ചംഗ സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഈ മാസം അവസാനത്തോടെ ഡല്‍ഹിയില്‍ 15,000 കിടക്കകളും ജൂലൈ പകുതിയോടെ 42,000 കിടക്കകളും ആവശ്യമായി വരുമെന്ന് കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച് ദേശിയ മാദ്ധ്യമത്തോട് പ്രതികരിച്ചു. റിപ്പോർട്ട് ഇതുവരെയും പരസ്യപ്പെടുത്തിയിട്ടില്ല. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മുംബയ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്ഥിതിയും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കമ്മിറ്റി നിരീക്ഷിച്ചു.

ജൂണ്‍ പകുതിയോടെ 50,000 കേസുകളും മാസാവസാനത്തോടെ ഒരു ലക്ഷം കേസുകളും ഉണ്ടാകും. ഈ രോഗികളില്‍ 20 മുതല്‍ 25 ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് കണക്കാക്കിയാല്‍ ഈ മാസം അവസാനത്തോടെ ഡല്‍ഹിയില്‍ 15,000 കിടക്കകളും ജൂലൈ പകുതിയോടെ 42,000 കിടക്കകളും ആവശ്യമാണ്. ഇപ്പോൾ 8,600 കിടക്കകളാണ് ഡൽഹിയിലുള്ളത്. ഇതില്‍ 49 ശതമാനവും ഇതിനകം ഉപയോഗത്തിലാണ്. കിടക്കകളുടെ എണ്ണം ജൂണ്‍ പകുതിയോടെ 9,800 ആയി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍.