church

എറണാകുളം: കൊവിഡ് വ്യാപനത്തെ തുടർന്ന് വിശ്വാസികൾ പ്രതിഷേധിച്ചതിനെ തുട‍ർന്ന് എറണാകുളത്ത് രണ്ട് പള്ളികൾ തുറക്കുന്നത് നീട്ടിവച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള രണ്ട് പള്ളികളാണ് വിശ്വാസികളുടെ വികാരം മാനിച്ച് തുറക്കുന്നത് നീട്ടിവച്ചത്. മറ്റൂ‍‍ർ സെൻ്റ ആൻ്റണീസ് പള്ളിയും, കടവന്ത്ര സെൻ്റ ജോസഫ് പള്ളിയുമാണ് തുറക്കുന്നത് നീട്ടിവച്ചിരിക്കുന്നത്.

അങ്കമാലി അതിരൂപതയ്ക്ക് പിന്നാലെ ലത്തീൻ അതിരൂപതയും ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ നിലപാട് മാറ്റി. വിശ്വാസികളുടെ ആശങ്കയും എതി‍ർപ്പും പരി​ഗണിച്ച് ദേവാലയങ്ങൾ തുറക്കുന്ന കാര്യം അതാത് ഇടങ്ങളിലെ വികാരിമാ‍ർക്ക് തീരുമാനിക്കാമെന്ന് ലത്തീൻ അതിരൂപത ആ‍ർച്ച് ബിഷപ്പ് മാ‍ർ ജോസഫ് കളത്തിപ്പറമ്പിൽ അറിയിച്ചു.

അതേസമയം ദേവലായങ്ങൾ തുറക്കുന്നതിനുള്ള മാ‍​ർ​ഗനി‍ർദേശങ്ങൾ തിരുവനന്തപുരം ലത്തീൻ അതിരൂപത പുറത്തു വിട്ടു. സാമൂഹിക അകലം പാലിച്ചു മാത്രമേ വിശ്വാസികളെ ദേവാലയത്തിൽ പ്രവേശിപ്പിക്കാവൂ എന്ന് ലത്തീൻ സഭ വികാരികളെ അറിയിച്ചു.

പള്ളികൾ തുറക്കണമെന്ന് നി‍ർബന്ധമില്ലെന്ന് യാക്കോബായ സഭയും തങ്ങളുടെ നിലപാട് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ പള്ളികൾ അടച്ചിട്ടേക്കാൻ സഭ പള്ളി വികാരികൾക്ക് നി‍‍ർദേശം നൽകി. കേന്ദ്ര സ‍ർക്കാ‍ർ മാ‍​ർ​ഗനി‍ർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ആരാധനാലയങ്ങൾ മെയ് എട്ടിന് ശൂചീകരിച്ച് മെയ് ഒമ്പത് മുതൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കാൻ സംസ്ഥാന സ‍ർക്കാർ അനുമതി നൽകിയിരുന്നു.