rape-case-

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗ കേസിൽ ബലാത്സംഗത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്ത് ഒരാള്‍ മാത്രമാണെന്നും മറ്റുള്ളവരെ ഭർത്താവും സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണെന്നും കണ്ടെത്തി. മറ്റുള്ളവരെ ഭര്‍ത്താവിന്‍റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്ന് പ്രതികൾ സമ്മതിച്ചു. ബലാത്സംഗം കൃത്യമായ ഗൂഢാലോചനയോട് കൂടിയാണ് നടന്നതെന്ന് ഇതോടെ വ്യക്തമായി.

കേസിൽ അറസ്റ്റിലായ രാജന്‍ സെബാസ്റ്റിയനാണ് യുവതിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്ത്. കേസിലെ മറ്റുപ്രതികളെ രാജനാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മന്‍സൂര്‍ എന്നയാളാണ് യുവതിയെ ആദ്യം അക്രമിച്ചത്. എതിര്‍ത്തപ്പോള്‍ ഇയാള്‍ സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചു. പിന്നീട് മറ്റ് രണ്ട് പേരും യുവതിയെ അക്രമിച്ചു.

ഭര്‍ത്താവിന്‍റെ അറിവോടെയാണ് മറ്റ് പ്രതികളെല്ലാം യുവതിയെ ഒരേസമയം ഉപദ്രവിച്ചത്. ഇതിനിടെ ഒരാളുടെ അടിയേറ്റ് യുവതിയുടെ ബോധം പോയി. രാജന്‍ സെബാസ്റ്റ്യന്‍ വീട്ടിലെത്തി ഭര്‍ത്താവിന് പണം നല്‍കിയതായി യുവതി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് കൂട്ടബലാത്സംഗത്തില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ബലപ്പെട്ടത്.

അതേസമയം, കേസില്‍ ഒളിവിലായിരുന്ന നാലാം പ്രതി പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ഷാ ഇന്ന് രാവിലെ പൊലീസ് പിടിയിലായി.ഇന്ന് തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. നേരത്തെ അറസ്റ്റിലായ പ്രതികളെ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തിരുന്നു.