uthra

കൊല്ലം: ഉത്ര കൊലക്കേസിൽ അഞ്ചൽ സി.ഐക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നതിൽ സി.ഐ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. റിപ്പോർട്ട് കൊല്ലം റൂറൽ എസ്.പി ഡി.ജി.പിക്ക് കൈമാറി. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ സി.ഐ കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്ന് ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു.

കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ സി.ഐക്കെതിരെ ഉത്രയുടെ വീട്ടുകാർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സി.ഐ കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു ഇവരുടെ ആരോപണം. സി.ഐ ഒഴികെ, എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരുടെ അന്വേഷണം കാര്യക്ഷമമായിരുന്നുവെന്നും വീട്ടുകാർ വെളിപ്പെടുത്തിയിരുന്നു.

അസ്വാഭാവിക മരണം ആയിരുന്നിട്ടുപോലും ഉത്രയുടെ മൃതദേഹം സംസ്കരിക്കാൻ നേതൃത്വം നൽകിയത് സി.ഐ ആയിരുന്നുവെന്ന് വീട്ടുകാർ ആരോപിച്ചു. ഇതിനെതിരെ വനിതാ കമ്മീഷനും രംഗത്തെത്തി.മേയ് 7ന് അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഉത്രയുടെ വീട്ടുകാരും മകളുടെ മരണത്തിൽ സംശയം ഉന്നയിച്ച് പരാതി നൽകിയെങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളൊന്നും ആദ്യ ഘട്ടത്തിൽ ഉണ്ടായില്ല.

13ന് വീണ്ടും വീട്ടുകാർ പരാതിയുമായി എത്തിയെങ്കിലും അതിലും കാര്യമായ നടപടി ഉണ്ടായില്ല. തുടർന്ന് മെയ് 19ന് റൂറൽ എസ്.പി ഹരിശങ്കറിന് വീട്ടുകാർ പരാതി നൽകി. തുടർന്നാണ് അന്വേഷണം ആരംഭിക്കുകയും കേസിന്റെ ചുരുളഴിയുകയും ചെയ്തത്. കഴിഞ്ഞദിവസം അഞ്ചൽ ഇടമുളയ്ക്കൽ കൈപ്പള്ളി ജംഗ്ഷനിൽ മരിച്ച ദമ്പതികളുടെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനിടെ സി.ഐ അവിടെ നിന്ന് വീട്ടിലേക്ക് മുങ്ങിയ സംഭവത്തിലും അന്വേഷണം നടന്നുവരികയാണ്.

മൃതദേഹങ്ങളുമായി ആംബുലൻസ് 15 കിലോമീറ്റർ ചുറ്റി സി.ഐയുടെ വീട്ടിലെത്തിച്ച് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടുവിച്ചശേഷമാണ് പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകാനായത്. ഈ സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ഐയ്ക്കെതിരെ മറ്റൊരു അന്വേഷണവും നടന്നുവരികയാണ്.