മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്തിലുൾപ്പെട്ട മഞ്ചാടി-ശ്രീകൃഷ്ണപുരം റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഈ റോഡിൽ വെള്ളമൊഴുകി പോകാനുള്ള സൗകര്യമില്ലാത്തതിനാൽ മഴ പെയ്ത് കഴിഞ്ഞാൽ കുണ്ടിലും, കുഴികളിലും വെള്ളം കെട്ടി ഈ റോഡ് പുഴയായി മാറും. കാൽനടപോലും അസാധ്യമാക്കുന്ന രീതിയിലാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നത്. മഞ്ചാട് എൽ.പി സ്കൂൾ, വിയന്നൂർ ക്ഷേത്രം, ശ്രീകൃഷ്ണപുരം, മലയിൻകീഴ് ട്രഷറി എന്നിവിടങ്ങളിലെത്തുന്നവർ നന്നേ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. വിളപ്പിൽ പഞ്ചായത്തിലേക്കും, കാട്ടാക്കടയിലേക്കുമെത്താൻ എളുപ്പ മാർഗം കൂടിയാണ് ഈ റോഡ്. റോഡിന് ഇരുവശമായി ധാരാളം കുടുംബങ്ങളും തിങ്ങിപ്പാർക്കുന്നുണ്ട്. ഈ റോഡിന്റെ ശ്രീകൃഷ്ണപുര ഭാഗത്ത് ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് 100 മീറ്ററിൽ ഇന്റർലോക്ക് പാകിയിരുന്നു. എന്നാൽ ഇത് സഹായത്തിനെക്കാളേറെ ഉപദ്രവമാണ് ഉണ്ടാക്കിയത്. ഈ ഭാഗത്ത് വെള്ളം ഒലിച്ച് പോകാൻ സൗകര്യമില്ലാത്തതിനാൽ കെട്ടിക്കിടന്ന് യാത്രാക്ളേശം ഉണ്ടാക്കുന്നതിന് പുറമേ സമീപത്തെ വീടുകളിലേക്കും, കിണറുകളിലേക്കും മലിനജലം എത്തുന്നതും സമീപവാസികളുടെ അലട്ടുന്ന പ്രശ്നമായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സഡക്ക് യോജന പ്രകാരം നിർമ്മിച്ച റോഡിനെ ഈ റോഡിനെ അവഗണിക്കുന്നെന്ന ആക്ഷേപവും പ്രദേശത്ത് ശക്തമാണ്. റോഡിന്റെ നവീകരണം ഉടൻ നടന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
ദുരിതപൂർണം
പ്രദേശവാസികളും റസിഡന്റ്സ് അസോസിയേഷനുകളും ത്രിതല പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും റോഡ് ഇപ്പോഴും പഴയപടി തന്നെ. റോഡ് പൂർണമായി തകർന്നിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ല. റോഡിന്റെ അറ്റകുറ്റപ്പണികളെങ്കിലും പൂർത്തിയാക്കി ദുരിതത്തിന് താത്കാലികമായെങ്കിലും ഒരു പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഗട്ടറുണ്ടെന്നറിയാതെ വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നുണ്ട്.
2016ലാണ് മഞ്ചാടി-ശ്രീകൃഷ്ണപുരം റോഡ് അവസാനമായി നവീകരിക്കുന്നത്
റോഡിന്റെ നവീകരണത്തിന് 25 ലക്ഷത്തോളം രൂപയെങ്കിലുമാകുമെന്നാണ് നാട്ടുകാരുടെ പക്ഷം
റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇതുവഴിയുണ്ടായിരുന്ന ബസ് സർവീസും നിറുത്തിവച്ചിരിക്കുകയാണ്
മഞ്ചാടിപുരം ശ്രീകൃഷ്ണപുരം റോഡ് 20 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ശോഭനകുമാരിയും ഐ.ബി. സതീഷ് എം.എൽ.എയും അറിച്ചു.