thazhathangady-murder-cas

ആലപ്പുഴ: കോട്ടയത്തെ താഴത്തങ്ങാടി ഷീബ വധക്കേസിൽ പ്രതി മുഹമ്മദ് ബിലാലുമായി പൊലീസ് ആലപ്പുഴയില്‍ തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയതിന് ശേഷം ആലപ്പുഴയിലെത്തിയ പ്രതി മുഹമ്മദ് ബിലാല്‍ തങ്ങിയ ലോഡ്ജിലാണ് ഇന്ന് തെളിവെടുപ്പ് നടന്നത്. ലോഡ്ജില്‍ ഒന്നേകാല്‍ മണിക്കൂര്‍ മാത്രം ചിലവഴിച്ച ശേഷമാണ് ബിലാല്‍ കൊച്ചിയിലേക്ക് കടന്നത്.

സംഭവ ദിവസം രാവിലെ കാറുമായി ആലപ്പുഴയില്‍ എത്തിയ മുഹമ്മദ് ബിലാല്‍ 11.55 നാണ് ലോഡ്ജില്‍ മുറിയെടുത്തത്. 1.15 ന് മുറി ഒഴിഞ്ഞ് ലോഡ്ജില്‍ നിന്നിറങ്ങി. പ്രതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നാണ് ലോഡ്ജ് ജീവനക്കാരൻ നൽകിയ മൊഴി.

ലോഡ്ജില്‍ നിന്ന് ഏകദേശം 600 മീറ്ററോളം ദൂരമുള്ള ആലപ്പുഴ മുഹമ്മദന്‍സ് സ്‌കൂളിന് സമീപമാണ് ബിലാൽ കാര്‍ ഉപേക്ഷിച്ചത്. തുടർന്ന് ആലപ്പുഴയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസില്‍ ചേര്‍ത്തലയിലേക്ക് പോയി. അവിടെ നിന്ന് കൊച്ചിയിലെത്തി ഹോട്ടലില്‍ ജോലിയും സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്നാണ് പൊലീസ് സംഘം ബിലാലിനെ പിടികൂടിയത്.