എറണാകുളം: അങ്കമാലി- എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള മുഴുവൻ പള്ളികളും ഈ മാസം കൂടി അടച്ചിടാൻ തീരുമാനം. അതിരൂപതയുടെ കീഴിലുള്ള പല ഇടവകകളിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പള്ളി വികാരികമാ‍ർ വിശ്വാസികളുമായി നടത്തിയ ച‍ർച്ചകളിലും പള്ളികൾ ഇപ്പോൾ തുറക്കുന്നത് ഉചിതമല്ലെന്ന വികാരമാണ് ഉയർന്നതെന്നും അതിരൂപത പുറത്തു വിട്ട ഔദ്യോ​ഗിക വാർത്താക്കുറിപ്പിൽ പറയുന്നു.

ജൂൺ മുപ്പത് വരെ മുഴുവൻ പള്ളികളിലും നിലവിലെ സ്ഥിതി തുടരുമെന്ന് അതിരൂപത അറിയിച്ചു. അതേസമയം വിവാഹം, സംസ്കാരം, മാമോ​ദിസ തുടങ്ങിയ ചടങ്ങുകൾ സർക്കാർ നി‍ർദേശിച്ച ക്രമീകരണങ്ങളോടെ നിശ്ചിത എണ്ണം ആളുകളെ കൂട്ടി നടത്താമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ദേവാലയങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷം ക്രൈസ്തവ സഭകളുടേയും മുസ്ലീം സംഘടനകളുടേയും കീഴിലുള്ള പള്ളികൾ ജൂൺ എട്ടിന് ശേഷവും അടഞ്ഞു കിടക്കാനാണ് സാദ്ധ്യത. ദേവാലയങ്ങൾ തുറക്കുന്നെങ്കിൽ തന്നെ പൂ‍ർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചു മതിയെന്നാണ് പല മതവിഭാ​ഗങ്ങളും നൽകിയിരിക്കുന്ന നി‍ർദേശം.