ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറയുമെന്നതിനാലാണ് ഈ തീരുമാനം. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിലെ പതിനായിരം കിടക്കകള്‍ ഡല്‍ഹി നിവാസികള്‍ക്കായി നീക്കിവയ്‌ക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
നാളെ മുതല്‍ ഡല്‍ഹിയിലെ അതിര്‍ത്തികള്‍ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാം. പ്രത്യേക ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രികളും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താം. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആശുപത്രിയില്‍ രോഗികളുടെ എണ്ണം കൂടിയതിനാല്‍ നേരത്തെ ഡല്‍ഹി നിവാസികളില്‍നിന്ന് അരവിന്ദ് കെജ്രിവാള്‍ അഭിപ്രായങ്ങള്‍ തേടിയിരുന്നു. ഡല്‍ഹി നിവാസികളില്‍ 90 ശതമാനം പേരും ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി നിയന്ത്രിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.