തിരുവനന്തപുരം: കഠിനംകുളം കൂട്ടമാനഭംഗക്കേസിലെ മുഖ്യപ്രതികളിലൊരാളായ പള്ളിപ്പുറം സ്വദേശി നൗഫൽ ഷാ (26) പിടിയിലായി. ശനിയാഴ്ച രാത്രി 11ന് ചാന്നാങ്കര ഭാഗത്തെ ഒഴിഞ്ഞ പുരയിടത്തിൽ നിന്ന് പിടികൂടിയ പ്രതിയെ ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇതോടെ ഭർത്താവ് അടക്കം ഏഴു പ്രതികളും പിടിയിലായെന്ന് പൊലീസ് അറിയിച്ചു. മൻസൂർ, അക്ബർ ഷാ, അർഷാദ്, രാജൻ, മനോജ്, അൻസാർ എന്നിവരാണ് നേരത്തേ പിടിയിലായത്.
നൗഫലിന്റെ ആട്ടോറിക്ഷയിലാണ് യുവതിയെ ബലംപ്രയോഗിച്ച് ആളൊഴിഞ്ഞ പ്രദേശത്തെ പഴയ കെട്ടിടത്തിലെത്തിച്ച് മാനഭംഗത്തിനിരയാക്കിയത്. ചെറുക്കാൻ ശ്രമിച്ച യുവതിയുടെ തുടയിൽ സിഗരറ്റ് കനൽ കൊണ്ടുപൊള്ളിച്ചതും കൂടുതൽ മർദ്ദിച്ചതും നൗഫലായിരുന്നു.
സംഭവം ആസൂത്രിതമെന്നാണ് സൂചന. രാജൻ മാത്രമാണ് ഭർത്താവിന്റെ സുഹൃത്ത്. മറ്റു പ്രതികളെ രാജൻ വിളിച്ചു വരുത്തുകയായിരുന്നു. നേരത്തേ ധാരണയിലെത്തി പണം കൈപ്പറ്റിയെന്നാണ് കരുതുന്നത്. ഇതിൽ ഭർത്താവിന്റെ പങ്ക് ഉറപ്പാക്കാനുള്ള തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. യുവതിയെ തട്ടിക്കൊണ്ടുപോയിട്ടും ഭർത്താവും സുഹൃത്തും വീട്ടിൽ തങ്ങുകയായിരുന്നു. പ്രതികളുടെ കൊവിഡ് പരിശോധനഫലം ഇന്നോ നാളെയോ ലഭിച്ചശേഷം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് കഠിനകുളം സി.ഐ വിനേഷ് കുമാർ പറഞ്ഞു.
സുഹൃത്തിന്റെ വീട്ടിലേക്ക് രണ്ടു മക്കളോടൊപ്പം കൂട്ടിക്കൊണ്ടുപോയ ഭർത്താവ് കൂട്ടപീഡനത്തിന് വിട്ടുകൊടുത്തുവെന്നാണ് യുവതിയുടെ മൊഴി.വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.