കാട്ടാക്കട: ഓൺലൈൻ പഠനം സാധാരണക്കാരായ കുട്ടികളിലെത്തിക്കുന്നതിന് മൈലോട്ടുമൂഴി ജനത ഗ്രന്ഥശാല ജനത എഡ്യൂ - ഹബ്ബ് ആരംഭിക്കും. സൗജന്യ വൈഫൈ, ക്ലാസിൽ പങ്കെടുക്കുന്നതിനുള്ള ടെലിവിഷൻ, സ്‌മാർട്ട്ഫോൺ സൗകര്യം എന്നിവ ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്. കാട്ടാക്കടയിലെ സ്വകാര്യ കേബിൾ നെറ്റ്‌വർക്കാണ് പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. വീരണകാവ് സർവീസ് സഹകരണ ബാങ്ക്, പൂവച്ചൽ ഗ്രാമ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ പിന്തുണയുമുണ്ട്. ഇന്ന് രാവിലെ എട്ടിന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ഗിരി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എ. മേരികുഞ്ഞ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. ശ്രീകണ്ഠൻ എ.കെ. ദിനേശ്, ഗ്രന്ഥശാല ഉപദേശക സമിതി കൺവീനർ ടി.എസ്. സതികുമാർ, ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്‌സ് റോയ്, സെക്രട്ടറി എസ്. രതീഷ് കുമാർ, എസ്. അനിക്കുട്ടൻ, ജ്യോതിഷ്. വി തുടങ്ങിയവർ പങ്കെടുക്കും. ഫോൺ: 9383490951, 9645391105.