തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ അനുസരിച്ച് ക്ഷേത്രങ്ങൾ നാളെ മുതൽ ഭക്തർക്കായി തുറക്കുന്നുണ്ടെങ്കിലും വിശ്വാസികൾ തത്കാലം ക്ഷേത്ര ദർശനം ഒഴിവാക്കണമെന്ന് നാഷണൽ ഹിന്ദു മൈനോറിട്ടി കമ്മ്യൂണിറ്റീസ് ഫോറം പ്രസിഡന്റ് ഡോ. പാച്ചല്ലൂർ അശോകനും ജനറൽ സെക്രട്ടറി സോമസുന്ദരവും അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനം കാരണം ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനം വിലക്കിയ സമയത്തേക്കാൾ രൂക്ഷമായ സ്ഥിതിയാണിപ്പോൾ. രോഗബാധയുള്ള ആരെങ്കിലും ക്ഷേത്രത്തിലെത്തിയാൽ ക്ഷേത്രം അടച്ചിട്ട് അണുനശീകരണം നടത്തേണ്ടിവരും. പ്രധാനക്ഷേത്രങ്ങളിൽ എത്രമാത്രം സാമൂഹിക അകലം പാലിക്കാൻ കഴിയുമെന്നതിലും ആശങ്കയുണ്ട്. ഈ ഘട്ടത്തിൽ ക്ഷമയോടെ കാത്തിരിക്കുകയെന്നതാണ് ഉത്തരവാദിത്വബോധമുള്ള ഭക്തർ സമൂഹത്തിന് വേണ്ടി ചെയ്യേണ്ട ഏറ്റവും വലിയ പ്രാർത്ഥനയെന്നും ഭാരവാഹികൾ പ്രസ്‌താവനയിൽ പറഞ്ഞു.