​​​​​​

rain-

തിരുവനന്തപുരം- രണ്ട് ദിവസത്തിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദം രൂപപ്പെട്ടാൽ അത് വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും സഞ്ചരിക്കുക. തുടർ സ്ഥിഗതിഗതികൾ കാലാവസ്ഥ വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

ഈ പശ്ചാത്തലത്തിലും, ഒപ്പം കാലവർഷം ശക്തിപ്പെടുന്നതിന്റെയും ഭാഗമായി അടുത്ത ദിവസങ്ങളിൽ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിങ്ങനെ 6 ജില്ലകളിൽ വരും മണിക്കൂറുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.നാളെ മുതൽ അടുത്ത നാല് ദിവസം മദ്ധ്യ കേരളത്തിൽ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും ചൊവ്വാഴ്ച്ച അഞ്ച് ജില്ലകളിലും ബുധനാഴ്ച്ച ആറ് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

ഇന്ന് ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വയനാട്, വൈത്തിരിയിലാണ്.ഒമ്പത് സെന്റിമീറ്റർ മഴയാണ് ഇതുവരെ വൈത്തിരിയിൽ ലഭിച്ചത്. വടകരയിൽ ഏഴും ഒറ്റപ്പാലത്ത് ആറും സെന്റിമീറ്ററും മഴ ലഭിച്ചു. കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കി.മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. കടലാക്രമണ ഭീഷണിയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകി.