ന്യൂഡല്‍ഹി: ചികിത്സ കിട്ടാതെ നോയിഡയില്‍ ഗര്‍ഭിണി മരണപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൊവിഡ് രോഗികളല്ലാത്ത രോഗികള്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മറ്റ് രോഗികളെ അവഗണിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
പൂര്‍ണ ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളെ ഉള്‍പ്പെടെ എട്ടോളം ആശുപത്രികളെയാണ് ചികിത്സയ്ക്കായി സമീപിച്ചത്. എന്നാല്‍ കിടത്തിചികിത്സിക്കാന്‍ സൗകര്യമില്ലെന്ന് വിവിധ ആശുപത്രികള്‍ അറിയിച്ചു. ഒടുവില്‍ ആംബുലന്‍സിനുള്ളില്‍ യുവതി മരണപ്പെടുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇത് ഒരു മുന്നറിയിപ്പാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യു.പി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.