binukumar

പാലോട്: വിക്ടേഴ്സ് ചാനലിൽ ഏഴാം ക്ലാസിലെ ഗണിതം പഠിപ്പിച്ചിരുന്ന വിതുര ഗവ. യു.പി.എസ് അദ്ധ്യാപകൻ നന്ദിയോട് ഓട്ടുപാലം അത്തം ഹൗസിൽ ബിനുകുമാറിന്റെ ആകസ്മിക വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥും അനുശോചിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ ബിനുകുമാറിന്റെ വിയോഗം വലിയ നഷ്ടമാണെന്നും നമ്മൾ ഏറ്റെടുത്ത വിദ്യാഭ്യാസ യജ്ഞം കൂടുതൽ ഊർജിതമായി മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് ബിനുവിന് സമർപ്പിക്കേണ്ട ഏറ്റവും നീതിപൂർവമായ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രഗത്ഭനായ ഒരു അദ്ധ്യാപകനെയാണ് നഷ്ടമായിരിക്കുന്നതെന്നും കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. വീട്ടുകാരെ ഫോണിലൂടെ വിളിച്ചാണ് ഇരുവരും അനുശോചനം അറിയിച്ചത്. ഡി.കെ. മുരളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, മത - രാഷ്ട്രീയ - സാമൂഹ്യ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ നന്ദിയോട്ടെ വീട്ടിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10 ഒാടെ വീടിന് സമീപത്തെ തോട്ടിൽ വീണാണ് ബിനുകുമാർ മരിച്ചത്. എസ്.സി.ഇ.ആർ.ടിയുടെ പുസ്തക നിർമ്മാണത്തിലും അദ്ധ്യാപക പരിശീലനത്തിലും റിസോഴ്സ് പേഴ്സണായിരുന്നു ബിനുകുമാർ.

ഫോട്ടോ - മരിച്ച ബിനുകുമാർ