പാറശാല: ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് ദർശനം അനുവദിക്കുമെന്ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി പറഞ്ഞു. സർക്കാരിന്റെ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുക. ക്ഷേത്ര നടയിലെത്തുന്ന ഭക്തർ കൈകൾ സാനിറ്റൈസർ കൊണ്ട് ശുചീകരിച്ച ശേഷം തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിധേയരാകണം. തുടർന്ന് മാസ്ക് ധരിച്ച് പ്രധാന കവാടത്തിലൂടെ അകത്തേക്കും ദർശനം കഴിഞ്ഞ് വടക്കേ നടയിലൂടെ പുറത്തേക്കും പോകാം. ഭക്തരെ വരവേൽക്കുന്നതിന്റെ മുന്നോടിയായി മഠാധിപതിയുടെയും, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരത്തിന്റെയും നേതൃത്വത്തിൽ ക്ഷേത്രവും പരിസരവും ശുചീകരിച്ചു.