തിരുവനന്തപുരം : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എയർ ഇന്ത്യ വനിതാ പൈലറ്റ് ഇനി വീണ്ടും വിമാനം പറത്തും. രോഗമുക്തി നേടിയ സ്വദേശിയായ ബിന്ദു സെബാസ്റ്റ്യൻ ഇന്നലെെ വീട്ടിലേക്ക് മടങ്ങി. ഇനി 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.
രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായതോടെയാണ് ഡിസ്ചാർജ് ചെയ്തത്. പ്രവാസികളെ വിദേശ രാജ്യങ്ങളിൽ നിന്നും കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു ബിന്ദു. യു.എ.ഇ.യിൽ നിന്നും കേരളത്തിലേക്ക് പ്രവാസികളെ തിരികേ എത്തിച്ച ശേഷം നടന്ന സ്രവ പരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച ബിന്ദു സെബാസ്റ്റ്യന് രോഗം സ്ഥിരീകരിച്ചത്. ഉടൻ തന്നെ എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി ചികിത്സ നൽകി. തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഫലം നെഗറ്റീവായത്. പ്രാവാസികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ബിന്ദുവിനെ പോലുള്ളവരുടെ ആരോഗ്യത്തിന് സർക്കാർ പ്രത്യേക പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
എറണാകുളം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഫത്താഹുദ്ദീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ, ആർ.എം.ഒ. ഡോ.ഗണേശ് മോഹൻ, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ജേക്കബ് കെ. ജേക്കബ്, അസോ. പ്രൊഫ. ഡോ. ബി. റെനിമോൾ, നഴ്‌സിംഗ് സൂപ്രണ്ട് സാന്റി അഗസ്റ്റിൻ എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
' മികച്ച ചികിത്സയാണ് ലഭിച്ചത്. പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തിൽ ഇനിയും പങ്കാളിയാകും.'
- ബിന്ദു സെബാസ്റ്റ്യൻ