കൊവിഡ് ഫലം വന്നശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച കഠിനംകുളം കൂട്ടമാനഭംഗകേസിലെ ഏഴുപ്രതികളെയും പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ വിനേഷ് കുമാർ പറഞ്ഞു. തെളിവെടുപ്പ് വെെകിക്കാതെ എത്രയും പെട്ടെന്ന് നടത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. ആറു പ്രതികളുടെ കൊവിഡ് പരിശോധന ഫലം ഇന്നോ നാളെയോ ലഭിക്കും. ശനിയാഴ്ച പിടിയിലായ മുഖ്യപ്രതി പള്ളിപ്പുറം സ്വദേശി നൗഫൽ ഷായുടെ സ്രവ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതെല്ലാം കിട്ടിയ ശേഷം അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രാത്രി 11ഓടെ ചാന്നാങ്കര ഭാഗത്തെ ഒഴിഞ്ഞ പുരയിടത്തിൽ നിന്നാണ് നൗഫലിനെ പിടികൂടിയത്. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.
ഹീനകൃത്യത്തിൽ ഭർത്താവിന്റെ പങ്ക് വ്യക്തമാക്കുന്ന ഒട്ടേറെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൂട്ടമാനഭംഗം നടത്താൻ മുൻധാരണ ഉണ്ടായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയശേഷം മാനഭംഗം നടന്ന ചാന്നാങ്കര പത്തേക്കറിലും യുവതിയെയും മക്കളെയും എത്തിച്ച പുതുക്കുറിച്ചി ബീച്ചിലും ഭർത്താവിന്റെ സുഹൃത്ത് രാജന്റെ കഠിനംകുളത്തെ വീട്ടിലും തെളിവെടുപ്പ് നടത്തും. രാജന്റെ ഭാര്യ സാക്ഷിയായേക്കും. അതേസമയം, സംഭവത്തിൽ ദേശീയ വനിതാകമ്മിഷൻ സ്വമേധയാകേസെടുത്ത് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. വനിതകളുടെ സുരക്ഷയിലുള്ള ഗുരുതരമായ വീഴ്ചയാണ് ഈ സംഭവമെന്ന് കമ്മിഷൻ വ്യക്തമാക്കി.