പാറശാല: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര ഭക്ഷ്യോൽപാദന പദ്ധതി സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.എല്ലാ വീട്ടിലും പച്ചക്കറിത്തോട്ടം പദ്ധതി 56 ഏക്കറിൽ നടപ്പിലാക്കും.കൃഷിക്കായി ഭൂമി ഇല്ലാത്തവർക്ക് സബ്‌സിഡി നിരക്കിൽ ഗ്രോബാഗും പച്ചക്കറി തൈയും വളവും സൗജന്യ നിരക്കിൽ നൽകുന്നതാണ്. 40 ഏക്കറിൽ കിഴങ്ങ് വർഗ കൃഷി ആരംഭിക്കുന്നതിന് പുറമെ 400 കർഷകർക്ക് 10 സെന്റിന് വേണ്ട വിവിധയിനം കിഴങ്ങ് വിത്ത് പാക്കറ്റുകൾ സൗജന്യമായി നൽകും. വാർഡ് തലത്തിൽ നടപ്പാക്കുന്ന ഒരിനം പച്ചക്കറി പദ്ധതി 40 ഏക്കറിൽ ആരംഭിക്കും. കൂടാതെ ക്ഷീരോത്പാദനം വർദ്ധിപ്പിക്കുക, വീട്ടുവളപ്പിലെ മൽസ്യ കൃഷി എന്നിവ ലക്ഷ്യമാക്കിയുള്ള പദ്ധതികളും നടപ്പിലാക്കും. പൂവത്തൂരിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വൈ.ലേഖ, വൈസ് പ്രസിഡന്റ് വി.എസ്. ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ബേബി, ഐ. സൂരജാദേവി,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ അനിതാഷാലി, അംഗങ്ങളായ രമേഷ് കുമാർ, ശശികല, സെക്രട്ടറി ഷാജികുമാർ, എൻ.എസ്. നവനീത് കുമാർ,പത്മശ്രീ ഗോപിനാഥൻ നായർ, വി. താണുപിള്ള, ടി. രാധാകൃഷ്‌ണൻ,കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.