തിരുവനന്തപുരം: കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസ് പരിശോധന കർശനമാക്കിയതോടെ ജില്ലയിലെ സമ്പൂർണ ലോക്ക് ഡൗൺ പൂർണം.
പാൽ, പത്രവിതരണം എന്നിവ തടസപ്പെട്ടില്ല. അവശ്യ സർവീസുകളിൽ ഉൾപ്പെടാത്ത വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടിച്ചെടുത്ത് എപ്പിഡെമിക്ക് ഒാർഡിനൻസ് പ്രകാരം കേസെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഇളവുകളുണ്ടെന്ന് തെറ്റിദ്ധരിച്ച് ചിലയിടങ്ങളിൽ ആളുകൾ കൂട്ടമായി നിരത്തിലിറങ്ങിയത് തിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നഗരത്തിലെ പ്രധാന സ്ഥലങ്ങളായ വഴുതക്കാട്, പൂജപ്പുര, തിരുവല്ലം, അട്ടക്കുളങ്ങര, മണ്ണന്തല, പി.എം.ജി, പാളയം, പേട്ട, സ്റ്റാച്യു, കേശവദാസപുരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന കർശനമാക്കിയത്. മെഡിക്കൽ ആവശ്യങ്ങൾക്കും അവശ്യ സർവീസായി അനുവദിച്ചിട്ടുള്ളവർക്കും യാത്രാനുമതി നൽകിയിരുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്കവയും അടഞ്ഞുകിടന്നു. മെഡിക്കൽ സ്റ്റോറുകളും ഭൂരിഭാഗം ഹോട്ടലുകളും തുറന്നില്ല. ചില ഹോട്ടലുകളിൽ ഓൺലൈൻ ഭക്ഷണവിതരണം നടന്നു. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ കേസെടുത്തു. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സർവീസ് നടത്തിയില്ല. പാളയം, ചാല, ആനയറ എന്നീ മാർക്കറ്റുകളും തുറന്നില്ല.
കേസുകൾ -176
അറസ്റ്റിലായവർ -161
കസ്റ്റഡിയലെടുത്ത
വാഹനങ്ങൾ - 85