office

 ഇനി വർക്ക് ഫ്രം ഹോം കൊച്ചുകുഞ്ഞുങ്ങളുടെ അമ്മമാർക്കും ഏഴ് മാസം ഗർഭിണികൾക്കും

 ഹോട്ട്സ്‌പോട്ടുകളിലെ ഇളവുകളും,ശനിയാഴ്ചകളിലെ അവധിയും തുടരും

തിരുവനന്തപുരം: രണ്ട് മാസമായി വീട്ടിലിരുന്നുള്ള ജോലിക്ക് വിരാമം. ഹോട്ട്സ്‌പോട്ടുകൾ ഒഴികെയുള്ളയിടങ്ങളിലെ സർക്കാർ,​ അർദ്ധസർക്കാർ,​ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ ഇന്നുമുതൽ ജോലിക്ക് ഹാജരാകാനാവശ്യപ്പെട്ട് പൊതുഭരണവകുപ്പ് സർക്കുലർ ഇറക്കി. എല്ലാ ഓഫീസുകളും പൂർണ തോതിൽ പ്രവർത്തിക്കണം.

കണ്ടെയ്ൻമെന്റ് സോണിലെ ഓഫീസുകൾ അതാത് ജില്ലകളിലെ ഏറ്റവും കുറച്ച് ജീവനക്കാരുമായി പ്രവർത്തിച്ചാൽ മതി. ശനിയാഴ്ചകളിലെ അവധി തുടരും. ഒരു വയസിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാർക്കും ഏഴുമാസം ഗർഭിണികൾക്കും വർക്ക് ഫ്രം ഹോം തുടരാം.

മറ്റ് നിർദ്ദേശങ്ങൾ

1.പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ ഓഫീസുകളിൽ ഹാജരാകാൻ കഴിയാതിരുന്ന ജീവനക്കാർ ജില്ലാകളക്ടറേറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്യണം. അതത് ജില്ലകളിൽ ആവശ്യമെങ്കിൽ തുടരാം

2. ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഓട്ടിസം/സെറിബ്രൽ പാൾസി, മറ്റു മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി

3.ആരോഗ്യ, മാനസിക വെല്ലുവിളി നേരിടുന്ന ജീവനക്കാർ, അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ, 65 വയസിനുമേലുള്ള രക്ഷിതാക്കളുള്ളവർ എന്നിവരെ പൊതുജന സമ്പർക്കത്തിൽ വരുന്ന ജോലിയിൽ നിന്നൊഴിവാക്കി

4)​ കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാർക്ക് 14 ദിവസം സ്‌പെഷ്യൽ കാഷ്വൽ ലീവ് . ഹോട്ട്‌സ്‌പോട്ട് /കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർ പുറത്തുള്ള ഓഫീസുകളിൽ ഹാജരാകേണ്ടതില്ല. സാദ്ധ്യമെങ്കിൽ വർക്ക് ഫ്രം ഹോം ചെയ്യാം