കോവളം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മുല്ലൂരിൽ ക്ഷേത്രക്കുളത്തിലും ക്ഷേത്രത്തിന് മുന്നിലും മാലിന്യം ഒഴുകയെത്തിയതിനെതിരെ പ്രതിഷേധം ഉയർന്നു. ഇവിടെ നേരത്തെ ഉണ്ടായിരുന്ന ഓട പുതിയറോഡ് നിർമ്മാണത്തിനായി അടച്ചതാണ് ക്ഷേത്രത്തിന് മുന്നിലും ക്ഷേത്രക്കുളത്തിലും മാലിന്യം ഒഴുകിയെത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ വാർഡ് കൗൺസിലർ ഓമനയും പൊലീസും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. തുടർന്ന് തുറമുഖ നിർമ്മാണ കമ്പനി പ്രതിനിധികളും സ്ഥലത്തെത്തി സംസാരിച്ചു. ക്ഷേത്രക്കുളത്തിലേക്കും ക്ഷേത്രത്തിന് മുന്നിലും മാലിന്യം അടക്കമുള്ള വെള്ളം ഒഴുകി എത്തുന്നത് തടയാൻ സമീപത്ത് ഒരു താത്കാലിക ഓട നിർമ്മിച്ചതോടെയാണ് പ്രതിഷേധം സമാപിച്ചത്. ക്ഷേത്രത്തിലേക്ക് പൂജാദി കാര്യങ്ങൾക്കുപയോഗിക്കുന്ന താമരപൂവ് വളരുന്ന ക്ഷേത്രക്കുളത്തിലേക്ക് മലിനജലം ഒഴുകിയെത്തുന്നത് ശാശ്വതമായി തടയാനാവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് ക്ഷേത്രം ഭാരവാഹികളടക്കമുള്ള നാട്ടുകാർ ആവശ്യപ്പെട്ടു.