hotel-

തിരുവനന്തപുരം:മലപ്പുറവും കോഴിക്കോടും കണ്ണൂരും ഒഴികെയുള്ള ജില്ലകളിൽ നാളെ മുതൽ ഹോട്ടലുകൾ തുറക്കുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. കർശന നിബന്ധനകൾ പാലിച്ച് ഇന്ന് മുതൽ ഹോട്ടലുകൾ തുറക്കാമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ശുചീകരണത്തിനായി ഒരു ദിവസം കൂടി നീട്ടുകയായിരുന്നു.

സർക്കാർ നി‌ർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ കഴിയുന്ന ഹോട്ടലുകൾ മാത്രമേ നാളെ തുറക്കുകയുള്ളൂ. അല്ലാത്തവ പാഴ്സൽ വിതരണം മാത്രമായി തുടരുമെന്നും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ അറിയിച്ചു. സീറ്റിംഗ് ശേഷിയുടെ പകുതി ആളുകളെ മാത്രമേ ഹോട്ടലുകളിൽ കയറ്റുകയുള്ളൂ. ഇതോടൊപ്പം മറ്റ് നിർദ്ദേശങ്ങളുമുണ്ട്.

കൊവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ മലപ്പുറത്തും കോഴിക്കോടും കണ്ണൂരും ഹോട്ടലുകൾ ജൂലെെ 15വരെ തുറക്കേണ്ടെന്നാണ് അതത് ജില്ലാ അസോസിയേഷനുകൾ തീരുമാനിച്ചത്. കൊവിഡ് വ്യാപന സമയത്ത് തുറന്നാൽ ഗുരുതര സാഹചര്യം ഉണ്ടാകുമെന്നാണ് ഹോട്ടലുടമകളുടെ നിലപാട്. അവിടങ്ങളിലും പാഴ്സൽ വിതരണം തുടരും.

അതേസമയം സർക്കാരിന്റെ ചില മാർഗനി‌‌ർദ്ദേശങ്ങളിൽ ഹോട്ടലുടമകൾ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ ആറടി അകലം പാലിക്കണം, ഓരോ ആൾ എഴുന്നേൽക്കുമ്പോഴും ഇരിപ്പിടം അണുവിമുക്തമാക്കണം, പോകാനും വരാനും പ്രത്യേക വാതിലുകൾ വേണം എന്നീ നിബന്ധനകൾ ചെറുകിട ഹോട്ടലുടമകൾക്ക് പ്രായോഗിക ബുദ്ധുമുട്ടുണ്ടാക്കും.