pozhiyoor

പാറശാല: പൊഴിയൂരിൽ വീടിന്റെ അലമാര കുത്തിത്തുറന്ന് 21ഗ്രാം സ്വർണവും പഴ്സിൽ നിന്ന് 12,760 രൂപയും കവർന്നു. പൊഴിയൂർ വാളാംകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ബെന്നിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം. ബെന്നിയുടെ ഭാര്യ മേരി നിഷയും രണ്ടു മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ ആരോ കതക് തുറക്കുന്ന ശബ്ദംകേട്ട് നിഷ എണീറ്റ് നോക്കിയപ്പോൾ കട്ടിലിനടിയിൽ അനങ്ങുന്നതായി തോന്നി. ഭയന്ന് നിൽക്കുന്നതിനിടെ ഒരാൾ വീടിന്റെ മുകളിലേക്ക് ഓടിക്കയറി. പെട്ടെന്ന് അടുത്തുള്ള ബന്ധുക്കളെ വിളിച്ചറിയിക്കുന്നതിനിടെ കള്ളൻ ടെറസിന്റെ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. വീടിന്റെ പിൻഭാഗത്ത് ചാരിവച്ചിരുന്ന കട്ടിലിലൂടെ തട്ടിൻ പുറത്ത് കയറിയാണ് മോഷ്ടാവ് അകത്തുകടന്നത്. പൊഴിയൂർ പൊലീസിന്റെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധന നടത്തി. അന്വേഷണം ശക്തമാക്കിയെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എസ്.ഐ എം.ആർ. പ്രസാദ് പറഞ്ഞു.