ബെർലിൻ : ജർമ്മൻ ബുണ്ടസ് ലിഗയിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഹെർത്ത ബെർലിനെ കീഴടക്കിയ ബൊറൂഷ്യ ഡോർട്ട്മുണ്ട് പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനത്ത് തുടരുന്നു.
കഴിഞ്ഞരാത്രി ബൊറൂഷ്യയുടെ തട്ടകമായ ഇഡുന സിഗ്നൽ പാർക്കിൽ നടന്ന മത്സരത്തിൽഎംറെ കാൻ നേടിയ ഗോളിനായിരുന്നു ബൊറൂഷ്യയുടെ വിജയം. 57-ാം മിനിട്ടിലായിരുന്നു കാനിന്റെ വിജയഗോൾ.
ഇൗ വിജയത്തോടെ ബൊറൂഷ്യ ഡോർട്ട് മുണ്ടിന് 30 മത്സരങ്ങളിൽ നിന്ന് 63 പോയിന്റായി. 70 പോയിന്റുള്ള ബയേൺ മ്യൂണിക്കാണ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. ഇനി ആറ് മത്സരങ്ങൾ വീതമാണ് ഇരുടീമുകൾക്കും അവശേഷിക്കുന്നത്.
മടങ്ങിവരവിൽ
ആഴ്സനലിന് ജയം
6-0
ലണ്ടൻ : കൊവിഡ് ലോക്ക്ഡൗൺ കാലത്തിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ ക്ളബ് ആഴ്സനലിന് കലക്കൻ വിജയം. ചാൾട്ടൺ അത്‌ലറ്റികിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത അരഡസൻ ഗോളുകൾക്കാണ് ആഴ്സനൽ വിജയം കണ്ടത്. ആദ്യപകുതിയിൽ അലക്സ് ലക്കാസ്റ്റെയും പിയറി ഒൗബമയാംഗും ഗോളടിച്ചപ്പോൾ രണ്ടാംപകുതിയിൽ കൗമാര താരം എഡ്ഡീ എൻകേതിയ ഹാട്രിക് നേടി. ജോ വില്ലോക്കും ഒരു ഗോൾ നേടി.
ഇൗമാസം 17ന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് ആഴ്സനലിന്റെ പ്രിമിയർ ലീഗ് മടങ്ങിവരവിലെ ആദ്യമത്സരം.