വിദേശത്തുനിന്ന് എത്തുന്ന പഴഞ്ചൻ പടക്കുതിരകൾക്ക് ലായമൊരുക്കുന്ന ഏർപ്പാട് കേരള ബ്ളാസ്റ്റേഴ്സ് അവസാനിപ്പിക്കുകയാണോ? യുവ താരങ്ങളിൽ ശ്രദ്ധയൂന്നി ബ്ളാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബു വികുന നടത്തിയ റിക്രൂട്ട്മെന്റുകൾ ക്ളബിന് ചെറുപ്പം നൽകാനുള്ള നീക്കങ്ങളുടെ സൂചനകളാണ് നൽകുന്നത്.
ആദ്യ സീസൺ മുതലുള്ള ബ്ളാസ്റ്റേഴ്സ് പരിശീലകരൊക്കെ സടകൊഴിഞ്ഞുതുടങ്ങിയ വിദേശ സിംഹങ്ങളെ ഇറക്കുമതി ചെയ്യാനാണ് ശ്രമിച്ചിരുന്നത്. ഗോളിയും ക്യാപ്ടനും പിന്നെ കോച്ചുമായി മാറിയ ഡേവിഡ് ജെയിംസ് മുതൽ മൈക്കേൽ ചോപ്രയും ഡിമിറ്റർ ബെർബറ്റോവും വേസ് ബ്രൗണും വരെയുള്ള സീനിയർ സിറ്റിസൺസിന്റെ വരവും പോക്കും ക്ളബിന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാക്കിയില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സിരകളിലേക്ക് യുവരക്തം കയറ്റുകയാണ് കിബു വികുന എന്ന പുതിയ പരിശീലകൻ. ഇന്ത്യൻ സാഹചര്യത്തിൽ കളിച്ചു പരിചയമില്ലാത്ത വയസൻ വിദേശികളെക്കാൾ ഇന്നാട്ടിലെ യുവതാരങ്ങളെ മികച്ച പരിശീലനം നൽകി വാർത്തെടുക്കുന്ന ടീമിനാണ് നിലനിൽപ്പെന്ന് കുറഞ്ഞ കാലത്തെ ഇന്ത്യൻ അനുഭവത്തിലൂടെ കിബു മനസിലാക്കിയിട്ടുണ്ട്.
കിടുവാണ് കിബു
കിബുവിന്റെ പുതിയ റിക്രൂട്ട്മെന്റുകൾ പരിശോധിക്കുമ്പോൾ ആള് കിടുവാണെന്ന് മനസിലാകും. ഏറ്റവും ഒടുവിൽ മഞ്ഞപ്പടയിലേക്ക് എത്തിയത് ഒരു 18 വയസുകാരനാണ്. ഇന്ത്യൻ ആരോസിനായി കളിച്ചുവന്ന ഗിവ്‌സൺ സിംഗ്. അതിന് മുമ്പ് ബംഗളുരു എഫ്.സിയിൽ നിന്ന് 19 കാരനായ പ്രബ്ഷുഖാൻ ഗിൽ. ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ക്ളബ് വിട്ടുപോയ പ്രതിരോധ നിരയിലെ സൂപ്പർതാരം സന്ദേശ് ജിംഗാന് പകരമെത്തിയത്. 22 കാരനായ നിഷുകുമാർ. പ്രതിഫലം കുറവായതിന്റെ പേരിൽ പുറത്തുപോയ ജിംഗാന് പകരം വരുന്ന നിഷുവിന് ജിംഗാന് നൽകിയിരുന്നതിന്റെ ഇരട്ടിയോളം തുക നൽകാൻ ക്ളബ് തയ്യാറാണെന്നാണ് വിവരം. ഇത് നിഷുവിന്റെ പ്രായവും പ്രതിഭയും പരിഗണിച്ചാണെന്ന് തീർച്ച. റയൽ കാശ്മീരിൽനിന്ന് അടുത്തിടെ സ്വന്തമാക്കിയ റിത്‌വിക്ക് ദാസിന് 23 വയസ് ആയിട്ടേയുള്ളൂ.
പ്രായം നമ്മിൽ...
രാജ്യത്തെ ഒരുപിടി എണ്ണം പറഞ്ഞ യുവതാരങ്ങൾ സ്വന്തമായുള്ളപ്പോഴാണ് വീണ്ടും യുവാക്കൾക്കായി കിബു വല വീശിയത്. ജിംഗാന് പകരം ടീമിന്റെ ഐക്കണായി അവതരിപ്പിക്കുന്ന സഹൽ അബ്ദുൽ സമദിന് 23 ആണ് പ്രായം. 20 കാരനായ കെ.പി. രാഹുൽ, 22 കാരന്മാരായ കെ. പ്രശാന്ത്, ലാൽ തരാംഗ, നൊംഗ് ഡാംബ നവോറെം, ആയൂഷ് അധികാരി എന്നിങ്ങനെ കെട്ടുറപ്പുള്ള യുവനിരയാണ് ഇപ്പോൾ ബ്ളാസ്റ്റേഴ്സിനുള്ളത്.
മൂത്തോൻ ഒഗുബച്ചെ
കഴിഞ്ഞ സീസണിൽ ടീമിന്റെ തുറുപ്പുചീട്ടായിരുന്ന നൈജീരിയക്കാരൻ ബാർത്തലോമിയോ ഒഗുബച്ചെയെ കിബു നിലനിറുത്തിയിട്ടുണ്ട്. 35 വയസാണ് ഒഗുബച്ചെയ്ക്ക്. യുവതാരങ്ങൾക്കൊപ്പം പരിചയ സമ്പത്തിനെയും കൂട്ടിയിണക്കുകയാണ് ഒഗുബച്ചെയിലൂടെ കിബു ലക്ഷ്യമിടുന്നത്. ഒരർത്ഥത്തിൽ കിബുവിന്റെ പുതിയ കുട്ടികളുടെ പ്രായത്തേക്കാൾ പരിചയസമ്പത്ത് ഒഗുബച്ചേയ്ക്കുണ്ട്.
ബ്ളാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളും
പ്രായവും
ഗിവ്‌സൺ സിംഗ് -18
പ്രബ്ഷുഖാൻ സിംഗ് -19
ജീക്സൺ സിംഗ് -19
കെ.പി. രാഹുൽ -20
നിഷുകുമാർ -22
സഹൽ അബ്ദുസമദ് -23
ഒഗാബച്ചെ -35
സഹലിനെപ്പോലുള്ള ചെറുപ്പക്കാരെ എനിക്ക് ഏറെ ഇഷ്ടമാണ്. അവരിലാണ് ഭാവി പ്രതീക്ഷകൾ. ചെറുപ്പത്തിന്റെ ചുറുചുറുക്കും ഒഗുബച്ചെയെപ്പോലുള്ളവരുടെ പരിചയസമ്പത്തും കൂട്ടിയിണക്കി മികച്ച റിസൾട്ട് ഉണ്ടാക്കുകയാണ് എന്റെ ലക്ഷ്യം.
കിബു വികുന
ബ്ളാസ്റ്റേഴ്സ് കോച്ച്