e

പാനൂർ: കുറ്റേരിയിലെ ആർ.എസ്.എസ് പ്രവർത്തകരായ കുല്ലുമ്പിൽ താഴെ കനിയിൽ നിഖിലേഷ് (29), സഹോദരൻ മനീഷ് (27) എന്നിവർക്കെതിരെ അക്രമം. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. നിടുമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രപരിസരത്തുള്ള ബന്ധുവീട്ടിൽ ജോലി ചെയ്യുന്നതിനിടെ സി.പി.എം പ്രവർത്തകരായ എട്ടംഗസംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാർ ആരോപിച്ചു.

വലതുകൈക്കും മുഖത്തും വെട്ടേറ്റ നിഖിലേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മർദ്ദനമേറ്റ മനീഷ് ചികിത്സ തേടി. അക്രമികളെയും നേതൃത്വം കൊടുത്തവരെയും ഉടൻ അറസ്റ്റു ചെയ്യണമെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് എൻ. ഹരിദാസ് ആവശ്യപ്പെട്ടു.

സി.പി.എം പ്രതിഷേധിച്ചു.

പാനൂർ: സി.പി.എം നിടുമ്പ്രം സൗത്ത് ബ്രാഞ്ചംഗം മീത്തലെ വീട്ടിൽ ശശിയുടെ വീട്ടിൽ കയറി ഏതാനും സാമൂഹ്യ ദ്രോഹികൾ അക്രമം നടത്തിയ സംഭവത്തിൽ സി.പി.എം ചൊക്ളി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ശശിയുടെ സഹോദരന്റെ മകന് പരിക്കേറ്റു. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ. മോഹനൻ ആവശ്യപ്പെട്ടു.