2

പോത്തൻകോട് : വീടിനു ചുറ്റും പച്ചപ്പിന്റെ മനോഹാരിത ചാർത്തി പഴവർഗങ്ങളുടെ പൂങ്കാവനം സൃഷ്ടിച്ച് ശ്രദ്ധേയനാവുകയാണ് പോത്തൻകോട്ടുകാരനായ ഷറഫുദീൻ. ശാന്തിഗിരി തലക്കോണത്ത് വീടിന്റെ മുന്നിലെത്തുമ്പോൾ തന്നെ പച്ചപ്പു വിരിച്ച പരവതാനിപോലെ ഷറഫുദീന്റെ പൂങ്കാവനം കാണാം. മുറ്റത്തേക്ക് കടക്കുമ്പോൾ ഏതോവനാന്തരത്തിലെ ഏദൻ തോട്ടത്തിലേക്ക് ചെന്നെത്തിയ അനുഭൂതിയാണ്. പച്ച വിരിച്ചു നിൽക്കുന്ന വിവിധ ഇനം വിദേശികളും സ്വദേശികളുമായ പഴവർഗങ്ങളും ഫലവൃക്ഷങ്ങളും കൊണ്ട് സമ്പന്നമാണ് ഈ വീട്. എവിടെപ്പോയാലും അവിടെനിന്നും ഒരു മരത്തിന്റെ തൈയുമായി വരുന്ന ഷറഫുദീൻ ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെയാണ് ഇവ നട്ടുപിടിപ്പിക്കുന്നത്. തോട്ടത്തിൽ വിളയുന്ന പഴങ്ങൾ വില്പനനടത്താതെ ആവശ്യക്കാർക്ക് പറിച്ചുനൽകുകയാണ് പതിവ്. കുഞ്ഞുങ്ങളില്ലാത്ത ഷറഫുദീനും ഭാര്യ ഷക്കീല ബീവിയും തങ്ങളുടെ മക്കളെ പോലെയാണ് മരങ്ങളെ സ്നേഹിക്കുന്നത്. തുടക്കത്തിൽ നല്ലയിനം തൈകൾക്കായി വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുള്ള സുഹൃത്തുക്കളെയും ആശ്രയിച്ചിരുന്നു. ഇപ്പോൾ ആവശ്യക്കാർക്ക് എല്ലാത്തിന്റെയും തൈകൾ ഉത്പാദിപ്പിച്ച് നൽകാറുണ്ട്. മാണിക്കൽ പഞ്ചായത്തിലെ ശാന്തിഗിരി വാർഡിൽ ഉൾപ്പെടുന്ന ഷറഫുദീന്റെ തോട്ടത്തിന്റെ മദ്ധ്യഭാഗത്ത് ഏതു നിമിഷവും തകർന്നു വീഴാവുന്ന ഷീറ്റ് മേഞ്ഞ വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി വീടിനായി പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും ഇതുവരെയും അനുകൂല സമീപനം ഉണ്ടായിട്ടില്ലെന്ന് ഷറഫുദീൻ പറയുന്നു. നിർദ്ധന കുടുംബത്തിലെ അംഗവും റബർ ടാപ്പിംഗ് തൊഴിലാളിയുമായ ഷറഫുദീൻ, തൈകളും തേനും വിറ്റുകിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. ഷറഫുദീന്റെ ഫോൺ : 9349877739

ഫലവൃക്ഷങ്ങൾ നിരവധി

ഇന്ത്യയെ കൂടാതെ അമേരിക്ക,ചൈന,ആഫ്രിക്കൻ രാജ്യങ്ങൾ,നേപ്പാൾ,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സമൃദ്ധമായി വിളയുന്ന പല വിശേഷ ഇനങ്ങളിൽപ്പെട്ട പഴച്ചെടികളും ഇവിടെ കൃഷിചെയ്യുന്നു. അമേരിക്കൻ നാടുകളിൽ കൃഷിചെയ്യുന്ന മിൽക്ക് ഫ്രൂട്ട്,പീച്ച് ഫ്രൂട്ട്,അക്കായ് ഫ്രൂട്ട്, ലക്ഷദ്വീപിൽ കാണുന്ന നോനിപ്പഴം, തായ്ലൻഡിൽ നിന്നെത്തിച്ച ബർമീസ് ഫ്രൂട്ട്, ഇളന്തപ്പഴം, മലേഷ്യൻ പഴവർഗമായ അബിയു, ചൈനയിൽ പ്രശസ്തമായ പാമ്പൂപഴം, ആഫ്രിക്കൻ രാജ്യങ്ങളിൽ കാണുന്ന നീഗ്രോ ആപ്പിൾ, ലോകത്തിലെ ഏറ്റവും വലിയ ചെറിപഴം തുടങ്ങി 150 ഇനം വിവിധ പഴവർഗങ്ങളും 60 ഓളം അപൂർവ ഔഷധച്ചെടികളും പാട്ടത്തിനെടുത്ത സ്ഥലത്ത് 30 കിഴങ്ങുവിളകളും സമൃദ്ധമായി വളരുന്നുണ്ട്. 10 വർഷത്തെ കഠിന ശ്രമത്തിലൂടെയാണ് 12.5 സെന്റ് സ്ഥലത്ത് ഫലവൃക്ഷങ്ങളുടെയും പഴവർഗങ്ങളുടെയും പൂങ്കാവനം ഒരുക്കിയത്.