pic

തിരുവനന്തപുരം: ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംയോജിത കൊതുക് നിയന്ത്രണ പരിപാടിക്ക്‌ സംസ്ഥാനത്ത് തുടക്കമായി. ഉറവിട നശീകരണം, രാസ-ജൈവ മാർഗങ്ങളിലൂടെ ലാർവകളെ നശിപ്പിക്കൽ, സ്‌പ്രേയിംഗ്, ഫോഗിംഗ് എന്നിവ ഒരേസമയം ചെയ്ത് കൊതുകുകളുടെ സാന്ദ്രത കുറയ്ക്കുന്ന പരിപാടി 12 വരെ തുടരും.

വാർഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ 50 വീടിന് രണ്ട് വോളന്റിയർമാരെ വീതം തെരഞ്ഞെടുത്തു. ഇവർ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീടുകളിലെത്തി പരിശോധന നടത്തും. വെള്ളം കെട്ടിനിൽക്കാനിടയുള്ള പാത്രങ്ങൾ, ചിരട്ടകൾ, കപ്പുകൾ, പ്ലാസ്റ്റിക് കവറുകൾ, ടയറുകൾ ഇവ കണ്ടെത്തി വേർതിരിച്ച് ഹരിതകർമ്മസേനയുടെ സഹായത്തോടെ നിർമാർജനം ചെയ്യും. വാട്ടർ ടാങ്കുകൾ കൊതുക് കടക്കാത്തവിധം മൂടണം. കിണർ, പൈപ്പുകൾ വലകൊണ്ട് മൂടണം. ഒഴുക്കിക്കളയാനോ മറിച്ചുകളയാനോ പറ്റാത്ത വെള്ളക്കെട്ടുകളിൽ ലാർവിസൈഡുകൾ ഒഴിക്കുകയോ ലാർവകളെ തിന്നുന്ന ഗപ്പിമീനുകളെ നിക്ഷേപിക്കുകയോ വേണം.

10ന് തോട്ടങ്ങളിലും കെട്ടിടനിർമാണ സ്ഥലങ്ങളിലും ഉടമസ്ഥരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും 11ന് പൊതുസ്ഥലങ്ങൾ, അതിഥിത്തൊഴിലാളികളുടെ വാസസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചും 12ന് സ്‌കൂളുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സംയോജിത കൊതുക് നിയന്ത്രണ പരിപാടി നടത്തും. എതിർക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് നടപടിയെടുക്കും.