ജയ്പൂർ: ഗുജറാത്തിൽ കോൺഗ്രസുകാർ അന്തംവിട്ടോടുകയാണ്. തങ്ങളുടെ കുഞ്ഞുങ്ങളെ ബി.ജെ.പി റാഞ്ചിപ്പറക്കുന്ന പേടിയിലാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ പേരെ കൊത്തിവലിക്കുമെന്ന വിഭ്രാന്തിയിൽ അവരെ രാജസ്ഥാനിലെ ഒരു റിസോർട്ടിൽ ഒളിപ്പിച്ചിരിക്കുകയാണ്.
പത്തൊൻപത് എം.എൽ.എ മാരെയാണ് തങ്ങളുടെ ചിറകിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്നത്. എന്നാൽ അവിടെയും ബി.ജെ.പി കണ്ണുകൾ പറക്കുമ്പോൾ കോൺഗ്രസുകാർക്ക് ശ്വാസം മുട്ടുന്നു.ഒളിപ്പിച്ചിരിക്കുന്നവരിൽ എത്രപേർ ചാടിപ്പോകുമെന്ന ആവലാതിയുമുണ്ട്. നേരത്തെ മൂന്ന് എം.എൽ.എ മാർ രാജിവച്ചിരുന്നു. അതോടെ കോൺഗ്രസിന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റി.
കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാൻ എം.എൽ.എമാർക്ക് സുരക്ഷിതമാകുമെന്നാണ് വിശ്വാസം. ജൂൺ 19നാണ് ഗുജറാത്തിൽ രാജ്യസഭ തിരഞ്ഞെടുപ്പ്. അതിനുമുമ്പ് കൂടുതൽ എം.എൽ.എമാരെക്കൊണ്ട് രാജിവയ്പിക്കാനാണ് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജൂൺ 19 വരെ എങ്ങനെ ഇവരെ കാത്ത് സൂക്ഷിക്കുമെന്ന ഭീതിയും കോൺഗ്രസിനുണ്ട്..