crime-

കോട്ടയം: കോട്ടയത്ത് മൂവാറ്റുപുഴയിൽ കാമുകിയുടെ സഹോദരൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. മൂവാറ്റുപുഴ സ്വദേശി അഖിലിന് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കറുകടം സ്വദേശി ബേസിൽ എൽദോസാണ് അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഇന്നലെ വെകിട്ടാണ് മൂവാറ്റുപുഴയിലെ മെഡിക്കല്‍ സ്റ്റോറിലെത്തിയ അഖിലിനെയും കൂടെയുണ്ടായിരുന്നയാളെയും മറ്റൊരു ബൈക്കിലെത്തിയ ബേസില്‍ വെട്ടിയത്. സഹോദരിയുമായുള്ള പ്രണയമാണ് കൊലപാതക ശ്രമത്തിന് പിന്നിലെ കാരണം. ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ടൗണില്‍ വെച്ച് ഇത്തരത്തിലൊരു കൊലപാതക ശ്രമം നടക്കുമെന്ന് അഖിലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിവരം.

ബേസിലിന്‍റെ സഹോദരിയെ അഖിൽ പ്രണയിച്ചതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. അഖിലിന്‍റെ കഴുത്തിലും കയ്യിലും വെട്ടേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്. ബേസിലിനായി തിരച്ചിൽ ഊർജിതമാണെന്ന് പൊലീസ് അറിയിച്ചു.