covid-19-rapid-test

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവി​ഡി​ന്റെ സമൂഹ വ്യാപനം ഉണ്ടോ എന്ന് കണ്ടെത്താനുള്ള റാപ്പിഡ് പരിശോധനയ്ക്ക് ഇന്ന് തുടക്കമാകും. ഒരാഴ്ച 15,000 പരിശോധനയാണ് നടത്താനുദ്ദേശിക്കുന്നത്. സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് റാപ്പിഡ് ആന്റിബോഡി പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്.

ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുള്ള പാലക്കാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽ ആയിരം കിറ്റുകൾ വീതം ഉപയോഗിക്കാനും, മറ്റുജില്ലകളിൽ 500 കിറ്റുകൾ ഉപയോഗിക്കാനുമാണ് ഇപ്പോഴത്തെ തീരുമാനം.

റാപ്പിഡ് പരിശോധനയ്ക്കായി ഒരു ലക്ഷം കിറ്റുകൾക്കാണ് ഓർഡർ നൽകിയത്.ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എത്തിയത്. നാൽപതിനായിരം കിറ്റുകൾ കൂടി ഉടൻ എത്തും.റാപ്പിഡ് പരിശോധനയുടെ ആദ്യഘട്ടത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രി ജീവനക്കാർ, പൊലീസുകാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ, ആശാവർക്കർമാർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങി​യവരെയാകും ഉൾപ്പെടുത്തുക. ഇവർക്കൊപ്പം ആൾക്കാരുമായി​ അടുത്തി​ടപഴകുന്ന മറ്റുള്ളവരെയും പരി​ശോധി​ക്കും.

രക്ത പരിശോധനയിലൂടെ കൊവിഡ്ബാധ തിരിച്ചറിയുന്ന പരി​ശോധനയാണ് ആന്റിബോഡി ടെസ്റ്റ്.വളരെ എളുപ്പത്തിൽ ഫലം ലഭ്യമാകും.വിരൽ തുമ്പിൽ നിന്ന് രക്തമെടുത്തുള്ള പരിശോധനയിൽ ഫലമറിയാൻ 20 മിനിറ്റിൽ താഴെമാത്രംമതി. വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ വൈറസിനെതിരെ ശരീരത്തിൽ ആന്റിബോഡി ഉൽപാദിപ്പിക്കും. മുമ്പ് രോഗബാധയുണ്ടായോ എന്നും ഈ ആന്റിബോഡി പരിശോധനയിലൂടെ തിരിച്ചറിയാം.