ന്യൂഡൽഹി: പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ കെ. എസ്. ധത്ത് വാലിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെതുടർന്ന് നാഷണൽ മീഡിയ സെന്റർ അടച്ചു. ഇനി വാർത്താസമ്മേളനം ശാസ്ത്രി ഭവനിലായിരിക്കും നടക്കുക എന്ന് അധികൃതർ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ പ്രധാനവക്താവ് കൂടിയായ ദത്ത് വാലിയ കേന്ദ്രമന്ത്രിമാരുടെ വാർത്താസമ്മേളനത്തിലെ സ്ഥിരം സാന്നിദ്ധ്യമാണ്.കഴിഞ്ഞ തിങ്കളും ബുധനും കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, നരേന്ദ്രസിംഗ് തൊമര്, പ്രകാശ് ജവാദേകർ എന്നിവർക്കൊപ്പം ഇദ്ദേഹം വാർത്താസമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു. ഇതോടെ മന്ത്രിമാരെയും നിരീക്ഷണത്തിന് വിധേയമാക്കാനുള്ള നടപടികൾ നടക്കുകയാണ്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയിട്ടുള്ള മുഴുവൻപേരെയും കണ്ടെത്താനുള്ള ശ്രമവും തുടങ്ങി.