തിരുവനന്തപുരം: കൊവിഡ് വാർഡിൽ ഡ്യൂട്ടിനോക്കുന്ന നഴ്സുമാർക്ക് ക്വാറന്റീൻ നിഷേധിച്ചതിനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ പ്രതിഷേധം. ഭരണപക്ഷ സംഘടനയായ കേരള ഗവ.നഴ്സസ് അസോസിയേഷൻ, കേരള ഗവ. നഴ്സസ് യൂണിയൻ എന്നീ സംഘടനകളാണ് വെവ്വേറെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കൊവിഡ് വാർഡിൽ ഡ്യൂട്ടി നോക്കുന്ന നഴ്സുമാർക്ക് രണ്ടാഴ്ചത്തെ ഡ്യൂട്ടിക്ക് ശേഷം പതിനാല് ദിവസം ക്വാറന്റീൻ നിർദേശിച്ചിരുന്നതാണ്. കൊവിഡിന്റെ തുടക്കം മുതൽ ഇപ്രകാരമാണ് തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളും പ്രവർത്തിച്ചുവന്നത്. അറുപതോളം കൊവിഡ് പോസിറ്റീവ് കേസുകൾ ചികിത്സയിൽ തുടരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ ക്വാറന്റീൻ ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവ് പ്രകാരം റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.
കൊവിഡ് വാർഡിൽ ഡ്യൂട്ടിനോക്കുന്ന നഴ്സുമാർ നാല് മണിക്കൂർ തുടർച്ചയായി പി.പി.ഇ കിറ്റ് അണിഞ്ഞാണ് ജോലി നോക്കുന്നത്. പ്രായമുള്ളവരും അവശരുമായെത്തുന്ന രോഗികളോട് പരമാവധി അടുത്തിടപഴകേണ്ട സന്ദർഭങ്ങളും പലപ്പോഴും ഇവർക്ക് ഉണ്ടാകാറുണ്ട്. സാമൂഹ്യ അകലം പാലിക്കാൻ കഴിയാതെ വരുന്ന ഇത്തരം സന്ദർഭങ്ങൾ പലപ്പോഴും രോഗപ്പകർച്ചയ്ക്ക് സാദ്ധ്യതയുണ്ടാക്കുന്നതാണ്. കോട്ടയം മെഡിക്കൽ കോളേജിൽ ഒരു നഴ്സിന് കൊവിഡ് ബാധിതരായ വൃദ്ധദമ്പതികളെ പരിപാലിക്കുന്നതിനിടെ കൊവിഡ് ബാധയുണ്ടായിരുന്നു. ഇത്തരത്തിൽ നഴ്സുമാരിൽ നിന്ന് അവരുടെ കുടുംബാംഗങ്ങൾക്കും സമൂഹത്തിനും രോഗ വ്യാപനം ഉണ്ടാകുന്നത് തടയാൻ ക്വാറന്റീൻ ആവശ്യമാണ്..ക്വാറന്റീൻ കാലയളവിൽ രോഗലക്ഷണങ്ങൾ കണ്ടാൽ സമൂഹവ്യാപനത്തിന് വഴിയൊരുക്കാതെ ചികിത്സ തേടാമെന്നതാണ് നേട്ടം. എന്നാൽ കൊവിഡ് കേസുകളും ആശുപത്രിയിലെ ജോലിഭാരവും കൂടിയ സാഹചര്യം പരിഗണിച്ച് ആശുപത്രി സൂപ്രണ്ട് ക്വാറന്റീൻ ഒഴിവാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
സൂപ്രണ്ടിന്റെ നടപടിക്കെതിരെ കെ.ജി. എൻ.എ യുടെ നേതൃത്വത്തിൽ മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും നഴ്സുമാർ മെഡിക്കൽ കോളേജ് വളപ്പിൽ രാവിലെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. അസോസിയേഷൻ ജില്ലാ നേതാക്കളായ പ്രദീപ്, അജോ സാം വർഗീസ്, ഹമീദ്, നിഷാഹമീദ്, സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിപക്ഷ സംഘടനയായ നഴ്സസ് യൂണിയന്റെ നേതൃത്വത്തിൽ സൂപ്രണ്ടിന്റെ നടപടിക്കെതിരെ നഴ്സുമാർ മെഡിക്കൽ കോളേജിൽ ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നുണ്ട്. അത്യാഹിതവിഭാഗം, കൊവിഡ് ചികിത്സാ വിഭാഗം എന്നിവ ഉൾപ്പെടെ ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കാതെയും തടസപ്പെടുത്തുകയും ചെയ്യാത്ത തരത്തിലായിരുന്നു സമരം.