കോട്ടയം: കോട്ടയം ദുരഭിമാന വധശ്രമത്തിൽ വെളിപ്പെടുത്തലുമായി വെട്ടേറ്റ അഖിലിന്‍റെ സുഹൃത്ത്. മെഡിക്കൽ സ്റ്റോറിൽ മാസ്ക്ക് വാങ്ങാൻ ബൈക്ക് നിർത്തിയപ്പോഴാണ് ബേസിലും മറ്റൊരാളും ചേർന്ന് അഖിലിനെ വെട്ടിയതെന്ന് സുഹൃത്ത് അരുൺ പറഞ്ഞു. അഖിലിനൊപ്പം അരുണിനും വെട്ടുകൊണ്ടിരുന്നു.
'രണ്ടു കയ്യിലും വാളുമായി ബൈക്കില്‍ വന്നാണ് വെട്ടിയത്. ബൈക്കിന് പുറകിൽ ഇരുന്നയാളുടെ കയ്യിലായിരുന്നു വടിവാൾ ഉണ്ടായിരുന്നത്. തടയാന്‍ ചെന്ന എന്നെയും ആക്രമിച്ചു, ഈ സമയത്താണ് അഖിലിന് ഓടിമാറാനായത്. അഖിലിനെ ബേസില്‍ നേരത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്'- അരുണ്‍ പറയുന്നു.
ഗുരുതരമായി പരുക്കേറ്റ അഖിലിനെ ആദ്യം മൂവാറ്റപ്പുഴ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.അഖിലിന് പെൺകുട്ടിയെ പരിചയമുണ്ടായിരുന്നുവെന്നും അരുൺ പറഞ്ഞു. അതേസമയം, ബൈക്ക് ഓടിച്ചിരുന്നയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ബേസിലിനായി തിരച്ചിൽ തുടരുകയാണ്.
കൊച്ചിയില്‍ സ്വകാര്യ ആട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് അഖിൽ. പ്രണയിനിയുടെ സഹോദരന്‍ കറുകടം സ്വദേശി ബേസില്‍ എല്‍ദോസാണ് അഖിലിനെ ആക്രമിച്ചത്. ഇന്നലെ വൈകിട്ട് നൂറ്റിമുപ്പത് കവലയ്ക്ക് സമീപമായിരുന്നു സംഭവം.