തിരുവനന്തപുരം: സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുമെന്നുള്ളത് പ്രതീക്ഷിച്ചതാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമ്പർക്കത്തിലൂടെ രോഗം പകർന്നത് കേരളത്തിൽ പത്ത് മുതൽ പന്ത്രണ്ട് ശതമാനം വരെ മാത്രമാണ്. സൗകര്യങ്ങൾ ഇല്ലാത്തവർക്ക് സർക്കാർ നിരീക്ഷണം ഒരുക്കും. സംസ്ഥാനത്ത് ഇളവുകൾ നിലവിൽ വന്നുവെങ്കിലും സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രമിക്കണം. സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മരണങ്ങൾ ഒഴിവാക്കാൻ കൂട്ടായ പരിശ്രമമാണ് വേണ്ടത്. പുറത്ത് നിന്ന് വരുന്നവരുമായി ഇടപഴകാതിരിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. സർക്കാർ നിർദേശങ്ങൾ പാലിച്ചാൽ മരണനിരക്ക് കുറയ്ക്കാൻ കഴിയും. സംസ്ഥാനത്ത് ആന്‍റി ബോഡി ടെസ്റ്റിനായി പതിനായിരം കിറ്റുകൾ ഇപ്പോഴുണ്ട്. അമ്പതിനായിരം കിറ്റുകൾ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ആരോഗ്യപ്രവർത്തകർ, നിരീക്ഷണത്തിലുള്ള വ്യക്തികൾ, ഉറവിടം വ്യക്തമല്ലാത്ത പ്രദേശങ്ങൾ എന്നിങ്ങനെയാണ് സംസ്ഥാനത്ത് ആന്‍റി ബോഡി ടെസ്റ്റ് നടത്തുന്നത്. ആന്‍റി ബോഡി ടെസ്റ്റിൽ പോസിറ്റീവായി കണ്ടെത്തുന്നവരെയെല്ലാം ഒന്നുകൂടി പി.സി.ആർ ടെസ്റ്റിന് വിധേയമാക്കും.സംസ്ഥാനത്ത് വീടുകളിലെ നിരീക്ഷണത്തിനാണ് പ്രോത്സാഹനം നൽകുന്നത്. വീടുകളിൽ സൗകര്യങ്ങൾ ഉള്ളവർക്ക് മാത്രമെ വീട്ടിലെ നിരീക്ഷണത്തിലേക്ക് വിടുകയുള്ളൂ. എത്ര ശ്രദ്ധിച്ചാലും ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.