മുംബയ്: കൊവിഡ് രോഗികളുടെ രാജ്യത്ത് കൂടിക്കൊണ്ടിരിക്കുമ്പോൾ കൊവിഡ് കൂടി നിന്ന ധാരാവിയിൽ രോഗികളുടെ എണ്ണം കുറയാൻ തുടങ്ങി. കഴിഞ്ഞദിവസം 13 പേർക്കു മാത്രമാണ് ധാരാവിയിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച 10 രോഗികൾ മാത്രമേ ഉണ്ടായിരുന്നുളളൂ. മേയിൽ പ്രതിദിനം ശരാശരി 50 പേർക്കു രോഗം കണ്ടെത്തിയിരുന്ന സ്ഥാനത്താണിത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ആകെ 1921 രോഗികളുണ്ട്. ഈ മാസം ഒരാൾ പോലും മരിച്ചിട്ടുമില്ല. ധാരാവിയിൽ മരണസംഖ്യ 71 ആണ്.
പത്തു ലക്ഷത്തിലേറെയാണു ധാരാവിയിലെ ജനസംഖ്യ. ഏപ്രിൽ ഒന്നിനാണു ധാരാവിയിൽ ആദ്യത്തെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം രോഗം കണ്ടെത്തുന്നവരുടെ എണ്ണം ശരാശരി 20 ആണ്. ജൂണിൽ ഇതുവരെ 161 പേർക്കു മാത്രമാണു രോഗം കണ്ടെത്തിയത്. പ്രാഥമിക പരിശോധന വ്യാപകമാക്കിയതും സംശയമുള്ളവരെ പരിശോധനയ്ക്കു വിധേയമാക്കി ഐസൊലേറ്റ് ചെയ്തതുമാണു രോഗവ്യാപനം നിയന്ത്രിക്കാൻ സഹായകമായതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏഴു ലക്ഷത്തോളം പേരെ സ്‌ക്രീനിങ്ങിനു വിധേയമാക്കി.